പ്രതിപക്ഷ നേതാക്കളെ പാർട്ടിയിൽ ചേർക്കാൻ ബിജെപി സമ്മർദ്ദം ചെലുത്തുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപി തങ്ങളുടെ പക്ഷത്തേക്ക് ചേർക്കുകയാണ്. നമ്മുടെ രാജ്യത്തിൻ്റെ ജനാധിപത്യം ഇന്ന് അപകടകരമായ സ്ഥിതിയിലാണെന്നും സോണിയ ഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തേയും ജനാധിപത്യത്തേയും നശിപ്പിക്കുകയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. മഹാനായി ഭാവിച്ചുകൊണ്ട് മോദി രാജ്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും അന്തസ്സ് കീറിമുറിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയും ഭരണഘടനതന്നെ മാറ്റാനുള്ള ഗൂഢാലോചന നടക്കുകയുമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്ക് തൊഴിലില്ലായ്‌മയും വിലക്കയറ്റവും അസമത്വവും അതിക്രമങ്ങളും ഇല്ലാതാക്കാൻ സർക്കാർ എന്താണ് ചെയ്‌തതെന്നും സോണിയ ഗാന്ധി ചോദിച്ചു
ജയ്‌പുരിലെ റാലിയിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. സോണിയ ഗാന്ധിക്കൊപ്പം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കളും പങ്കെടുത്തു. റാലിയിൽ കോൺഗ്രസിൻ്റെ പ്രകടന പത്രികയും അവതരിപ്പിച്ചു. വെള്ളിയാഴ്ചയാണ് കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത്.