Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

, 2:13 pm

ബാധ്യത ഒഴിയുന്ന കര്‍ഷകര്‍, 2019 ന്‍റെ ഭീതിയില്‍ ബി.ജെ.പി

ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് പ്രമുഖ സംസ്ഥാനങ്ങളിലെ കാര്‍ഷിക കടം എഴുതിത്തള്ളി കോണ്‍ഗ്രസ് കൃഷിക്കാരെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നറിഞ്ഞ നരേന്ദ്ര മോദി കോര്‍പ്പറേറ്റ് ഇമേജ് മാറ്റിയെടുക്കാന്‍ ശ്രമം തുടങ്ങി. 2014 ല്‍ അധികാരത്തിലേറി ഇതുവരെ രാജ്യത്തെ കര്‍ഷക പ്രതിസന്ധിയെ കുറിച്ച സംസാരിക്കാത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയുടെ ലോക് സഭാ മണ്ഡലമായ റായ്ബറേലിയില്‍ കഴിഞ്ഞ ദിവസം നടത്തിയ റാലിയില്‍ കര്‍ഷകരുടെ ഗതികേടിനെ കുറിച്ച് പറയുകയും അതിനുത്തരവാദി കോണ്‍ഗ്രസ് ആണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

പാവപ്പട്ട കുടുംബങ്ങള്‍ക്ക് സൗജന്യ പാചക വാതകമാണ് മോദിയുടെ പുതിയ വാഗ്ദാനം. കൂടാതെ ജിഎസ്ടിയെ കുറിച്ച കേട്ട പഴിയ്ക്ക് ഒടുവില്‍ തെററു തിരിച്ചറിഞ്ഞു എന്ന് ധരിപ്പിക്കാന്‍ നികുതി കുറയ്ക്കുന്നുവെന്നതാണ് മറ്റൊരു പ്രഖ്യാപനം. 98 ശതമാനം ഉത്പന്നങ്ങള്‍ക്കും നികുതി 18 ശതമാനത്തിലേക്ക് കുറയ്ക്കുമെന്നാണ് മോദി ഇപ്പോള്‍ പറയുന്നത്. മുമ്പ് രാജ്യത്തെ പ്രമുഖ സാമ്പത്തികവിദഗ്ധരടക്കം നികുതി കുറയ്ക്കണമെന്നും അല്ലെങ്കില്‍ ചെറുകിട മേഖലയ്ക്കും മറ്റും വലിയ വിപത്തായിരിക്കുമതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതാണ് ഇപ്പോള്‍ മോദി വൈകി നടപ്പാക്കുന്നത്.

ഉത്തരേന്ത്യന്‍ കര്‍ഷകര്‍ ഒന്നടങ്കം പാര്‍ട്ടി വിടുമെന്ന തിരിച്ചറിവ് ബിജെപിയുടെ ഉറക്കം കെടുത്തുന്നുണ്ട്. കര്‍ഷകരോഷം തീവ്ര ഹിന്ദുത്വം കൊണ്ട് മറികടക്കാമെന്നുള്ള പതിവ് പരിപാടി ജനം തിരസ്‌കരിക്കുമെന്ന് ഈയിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും ബിജെപിയ്ക്ക മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അധികാരത്തിലെത്തിയതിന് അടുത്ത ദിവസം തന്നെ ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ലക്ഷക്കണക്കിന് രൂപയുടെ വായപ്കള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ എഴുതിത്തള്ളുന്നത് മോദി സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നത് ഈ സാഹചര്യത്തിലാണ്.

മോദി അധികാരത്തിലേറി കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത മധ്യപ്രദേശില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള കടങ്ങളാണ് എഴുതിത്തള്ളുതന്നത്. കൂടാതെ ഛത്തീസ്ഗഢില്‍ 6000 കോടിയുടെ കര്‍ഷകകടങ്ങള്‍ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജസ്ഥാനിലും സമാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് കര്‍ഷകര്‍. ഈ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരിച്ചിരുന്നത്.

കൂടാതെ കോണ്‍ഗ്രസിന് നിര്‍ണായക സ്വാധീനമുള്ള കര്‍ണാടക സര്‍ക്കാരും കര്‍ഷക കടങ്ങള്‍ എഴുതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ബാധ്യതകള്‍ എഴുതി തള്ളുമെന്ന പ്രതീക്ഷയില്‍ ഉത്തരേന്ത്യന്‍ കര്‍ഷകര്‍ മുഴുവനായുംകോണ്‍ഗ്രസിനൊപ്പം നില്‍ക്കുമോ എന്ന ഭയവും ബിജെപിയെ തളര്‍ത്തുന്നുണ്ട്. മുമ്പില്ലാത്ത വിധം പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കുന്നതിന്റെ തലവേദനയും ഒപ്പമുണ്ട്.

രാജ്യത്തെ 70 ശതമാനം വരുന്ന കര്‍ഷകര്‍ ആത്മഹത്യാമുനമ്പില്‍ നില്‍ക്കുമ്പോള്‍ 3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ചതിനെ പാര്‍ട്ടിയിലെ തന്നെ പലരും ചോദ്യം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമ്പോള്‍ അപ്പുറത്ത് വാഗ്ദാന ലംഘകന്‍ എന്ന ഇമേജും മോദിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചേക്കും. ‘സ്യൂട്ട് ബൂട്ട് കി സര്‍ക്കാര്‍’ എന്ന് രാഹുല്‍ ഗാന്ധി വിളിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കല്ലാതെ സാധാരണക്കാര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന ഇമേജും മോദിക്ക് വരും തിരഞ്ഞെടുപ്പില്‍ പ്രതികൂല ഘടകമായേക്കും.പാര്‍ട്ടിയിലും ഇക്കാര്യത്തില്‍ മുറുമുറുപ്പുണ്ട്. സര്‍ക്കാരിനെതിരെ  ആരോപണങ്ങള്‍ ഉയരുന്ന  സാഹചര്യത്തിലാണ് ജനകീയ പദ്ധതികള്‍ക്ക് ബിജെപിയും പ്രധാനമന്ത്രിയും ഊന്നല്‍ നല്‍കുന്നത്.

-റഹീസ് അലി

Advertisement