കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ, പ്രധാനമന്ത്രിയും മറ്റുള്ളവരും സാമൂഹ്യ അകലം പാലിച്ചാണ് ഇരുന്നത്, നിലവിലുള്ള വ്യാവസായിക എസ്റ്റേറ്റുകളിലെ പ്ലഗ്-പ്ലേ ഇൻഫ്രാസ്ട്രക്ചർ ചർച്ച ചെയ്യപ്പെട്ടു. ആവശ്യമായ സർക്കാർ അനുമതികൾ നേടാൻ നിക്ഷേപകരെ സഹായിക്കുന്നതിൽ സജീവമായ സമീപനം സ്വീകരിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
“ഇന്ത്യയിലേക്ക് നിക്ഷേപം അതിവേഗം കൊണ്ടുവരുന്നതിനും ഇന്ത്യൻ ആഭ്യന്തര മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിവിധ തന്ത്രങ്ങൾ ചർച്ച ചെയ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിൽ കൂടുതൽ സജീവമായിരിക്കുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിനെക്കുറിച്ച് വിശദമായ ചർച്ചകൾ നടന്നു,” സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
“അന്താരാഷ്ട്ര, ആഭ്യന്തര നിക്ഷേപം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു. വളർച്ച ത്വരിതപ്പെടുത്താനുള്ള ഇന്ത്യയുടെ പരിഷ്കരണ മാർഗ്ഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ചചെയ്തതായി,” യോഗത്തിന് ശേഷം പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
കോവിഡ് -19 വൈറസ് പകരുന്നത് തടയുന്നതിനായി ലോക്ക്ഡൗൺ ഏർപെടുത്തിയതിന് ശേഷം സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വ്യാപകമായ ആശങ്കകൾക്കിടയിലാണ് പ്രധാനമന്ത്രിയുടെ യോഗം.