മോഡിയുടെ തലകൊയ്യുന്ന രാഹുല്‍ ഗാന്ധി: ഉത്തര്‍പ്രദേശിലെ പോസ്റ്റര്‍ വിവാദത്തില്‍

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ രാമനായും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനായും ചിത്രീകരിച്ച് പോസ്റ്റര്‍ വിവാദത്തില്‍. സംഭവവുമായി കോണ്‍ഗ്രസ് നേതാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാഹുല്‍ ഗാന്ധിയുടെ അമേഠി സന്ദര്‍ശനത്തിന് മുന്നോടിയായാണ് മോഡിയുടെ തല രാഹുല്‍ കൊയ്യുന്നു എന്ന് പ്രതീകാത്മകമായി അവതരിപ്പിക്കുന്ന പോസ്റ്റര്‍ പതിച്ചത്.

ബിജെപി നേതാവ് സൂര്യ പ്രകാശ് തിവാരിയുടെ പരാതിയില്‍ അമേഠിയിലെ കോണ്‍ഗ്രസ് നേതാവ് രാമശങ്കര്‍ ശുക്ലയ്‌ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ എത്തിയത്. ഇതിന് മുന്നോടിയായാണ് മണ്ഡലത്തിലെ പലഭാഗങ്ങളിലും രാഹുലിനെ രാമനായും മോദിയെ രാവണനായും ചിത്രീകരിച്ച പോസ്റ്റര്‍ പതിച്ചത്.

അമ്പും വില്ലുമായി നില്‍ക്കുന്ന രാഹുല്‍ മോഡിയെ ലക്ഷ്യം വെയ്ക്കുന്നതാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. 2019 ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നതിനായാണ് രാഹുല്‍ തന്റെ മണ്ഡലത്തിലെത്തിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് സുരക്ഷിതമായ അവസ്ഥയല്ല നിലവില്‍, അതുകൊണ്ടുതന്നെ ശക്തമായ പ്രവര്‍ത്തനം പാര്‍ട്ടിക്ക് അവിടെ കാഴ്ചവെയ്‌ക്കേണ്ടതുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഇന്നലെ അമേഠിയിലെത്തിയത്. അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തുന്ന രാഹുലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗംഭീര വരവേല്‍പാണ് നല്‍കിയത്. ഇന്നലെ ഹനുമാന്‍ മന്ദിറും അദ്ദേഹം സന്ദര്‍ശിച്ചു.