സെപ്റ്റംബർ 17ന് പ്രധനമന്ത്രി നരേന്ദ്ര മോദി 75-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ മുന്നറിയിപ്പുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. 75-ാം വയസിൽ പ്രധാനമന്ത്രി വിരമിച്ചില്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്ന് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറിച്ചു. ഇക്കഴിഞ്ഞ കുറെ നാളുകളായി സുബ്രഹ്മണ്യ സ്വാമി നരേന്ദ്ര മോദിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.
“ആർ എസ് എസ് പ്രചാരക സംസ്കാരത്തോട് പ്രതിബന്ധതയുള്ള മോദി സെപ്റ്റംബർ 17ന് 75ലേക്ക് കടക്കുമ്പോൾ അധികാരത്തിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിൽ, പ്രധാനമന്ത്രി കസേര മറ്റേതെങ്കിലും വഴിയിലൂടെ നഷ്ടപ്പെടും” സുബ്രഹ്മണ്യൻ സ്വാമി എക്സിൽ കുറിച്ചു.
If Modi does not, as committed to RSS Pracharak’s sanskaar, announce his retiring to Marg Darshan Mandal after his 75 th year birthday on Sept 17 th, then he will lose his PM chair by other methods.
— Subramanian Swamy (@Swamy39) August 21, 2024
അതേസമയം അടുത്തിടെ ജിഡിപി നിരക്കിനെ ചോദ്യം ചെയ്ത് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. ജിഡിപി വളർച്ചയെക്കുറിച്ചുള്ള മോദി സർക്കാരിൻ്റെ അവകാശവാദം പൊതുജനങ്ങളോടുള്ള വഞ്ചനയാണെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. 2014 മുതലുള്ള ശരാശരി ജിഡിപി വളർച്ച പ്രതിവർഷം 5% മാത്രമാണ്, 2016 മുതൽ ഇത് പ്രതിവർഷം 3.7% ആണെന്നും സ്വാമി പറഞ്ഞിരുന്നു.
നേരത്തെ നരേന്ദ്ര മോദിയെ പഞ്ചതന്ത്ര കഥകളിലെ വവ്വാലെന്ന് വിശേഷിപ്പിച്ചും സ്വാമി രംഗത്തെത്തിയിരുന്നു. വ്ലാദിമിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു പരാമർശം. ലഡാക്കിൽ ചൈന നടത്തിയ കടന്നുകയറ്റത്തിൽ മോദി ഭാരത മാതാവിനെ ഒറ്റിക്കൊടുത്തുവെന്നും സ്വാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിറന്നാൾ ആഘോഷിക്കാൻ തയാറെടുക്കുന്നതിന് മുന്നോടിയായുള്ള സുബ്രഹ്മണ്യൻ സ്വാമിയുടെ മുന്നറിയിപ്പ്.