പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരാണസി ലോക്‌സഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നരേന്ദ്ര മോദി ഇത് മൂന്നാം തവണയാണ് വാരാണസിയില്‍ മത്സരിക്കുന്നത്. കാലഭൈരവ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയ്ക്കും പൂജയ്ക്കും ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കാനെത്തിയത്.
നരേന്ദ്ര മോദിയോടൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അയോധ്യ പ്രാണ പ്രതിഷ്ഠയ്ക്ക് നേതൃത്വം നല്‍കിയ പൂജാരി, മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിര്‍ന്ന ബിജെപി നേതാക്കളും എത്തിച്ചേര്‍ന്നിരുന്നു. വാരാണസിയിലെ സാധാരണക്കാരാണ് മോദിയുടെ പത്രികയില്‍ ഒപ്പുവച്ചത്. ബ്രാഹ്‌മണ, ഒബിസി, ദളിത് വിഭാഗത്തില്‍ നിന്നുള്ളവരാണ് പത്രികയില്‍ ഒപ്പുവച്ചത്.
പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പായി വാരാണസിയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ വീഡിയോ മോദി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി യുപി മുഖ്യമന്ത്രിയ്‌ക്കൊപ്പം അഞ്ച് കിലോമീറ്റര്‍ നീണ്ട റോഡ് ഷോയും സംഘടിപ്പിച്ചിരുന്നു.