നോട്ട് നിരോധനവും ജിഎസ്ടിയും: ഉരുണ്ടുകളിച്ച് നരേന്ദ്ര മോഡി

നോട്ട് നിരോധനവും ജിഎസ്ടിയും പ്രതീക്ഷിച്ച ഫലം കണ്ടിട്ടില്ലെന്ന് പരോക്ഷമായി സമ്മതിച്ച് പ്രധാനമന്ത്രി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ജിഎസ്ടിയും നോട്ട് നിരോധനവും കൊണ്ട് മാത്രം സര്‍ക്കാരിനെ അളക്കരുതെന്ന് നരേന്ദ്ര മോഡി പറഞ്ഞത്. രാജ്യത്തിന്റെ പ്രകടനം ലോകത്തിന്റെ ശ്രദ്ധ നേടാനും റേറ്റിങ് ഏജന്‍സികളുടെ റേറ്റിങ് കൂട്ടുകയും ചെയ്തിട്ടുണ്ടെന്നും മോഡി അഭിമുഖത്തില്‍ പഞ്ഞു.

രാജ്യത്ത് സാമ്പത്തിക മെല്ലെപ്പോക്കുണ്ടാക്കിയത് നോട്ട് നിരോധനവും ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുത്തിയതുമല്ലേ എന്ന ചോദ്യത്തിന് അത് രണ്ടും മാത്രം നോക്കി സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പാടില്ലെന്നാണ് മോഡി വ്യക്തമാക്കിയത്. ബിജെപി സര്‍ക്കാര്‍ നിരവധി ശുചിമുറികള്‍ നിര്‍മിച്ചുവെന്നും നിരവധി ഗ്രാമങ്ങള്‍ക്ക് വൈദ്യുതി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മറുപടിയില്‍ കൂട്ടിച്ചേര്ത്തു.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശരിയായ ദിശയില്‍ തന്നെയാണെന്ന് ആണയിട്ട മോഡി സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് പരിഗണിക്കുന്നില്ലെന്ന് ആരോപണവും ഉന്നയിച്ചു.