കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതു പോലെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിനിടെയായിരുന്നു മമതയുടെ പ്രതികരണം.
ആളുകളെ പിന്തുണയ്ക്കാത്ത ഒരു വ്യക്തിയുടെ ചിത്രമാണ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിര്‍ബന്ധമാക്കിയിരിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി.
“ഒരു വ്യക്തി നിങ്ങളെ പിന്തുണയ്ക്കുന്നില്ലായിരിക്കും, പക്ഷെ നിങ്ങളുടെ ചിത്രം കോവിഡ് 19 വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ നിര്‍ബന്ധമാക്കിയിരിക്കുന്നു. എനിക്ക് നിങ്ങളെ ഇഷ്ടമല്ലായിരിക്കും, എന്നിട്ടും ഞാൻ ഇത് കൊണ്ടു നടക്കണം. എവിടെയാണ് സ്വാതന്ത്ര്യം? നിങ്ങള്‍ മരണ സര്‍ട്ടിഫിക്കറ്റിൽ കൂടി ചിത്രം നിര്‍ബന്ധമാക്കണം.” – സംസ്ഥാന സെക്രട്ടേറിയറ്റിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മമത പറഞ്ഞു.
കേന്ദ്രത്തിൽനിന്ന് ബംഗാളിന് ആവശ്യമായ വാക്സിൻ ഡോസുകൾ നൽകുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ നൽകാതെ പ്രാദേശിക ട്രെയിന്‍ സർവിസുകൾ പോലും നടത്താൻ സാധിക്കുന്നില്ലെന്നും മമത പറഞ്ഞു.
വ്യാഴാഴ്ച കോവിഡ് 19 ലോക്ഡൗൺ ഓഗസ്റ്റ് 30 വരെ നീട്ടിയതായി മമത അറിയിച്ചിരുന്നു. ഇളവുകൾ അനുവദിച്ചാണ് ലോക്ഡൗൺ നീട്ടിയത്. രാത്രി കർഫ്യൂ രാത്രി 11 മണി മുതൽ അഞ്ചു വരെയാക്കി കുറച്ചു. നേരത്തേ, ഒമ്പതു മുതൽ അഞ്ചു വരെയായിരുന്നു.