പറഞ്ഞുകേട്ടതെല്ലാം തെറ്റ്; മോഡി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കില്ല; 'തിരുവനന്തപുരത്തെത്തി ഒരു മണിക്കൂര്‍ ചിലവിട്ട് മടങ്ങും'

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ തെറ്റ്. തിരുവനന്തപുരത്ത് എത്തുന്ന മോഡി രാജ്ഭവനില്‍ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും മത്സ്യത്തൊഴിലാളികളുമായും ചര്‍ച്ച ചെയ്ത് ഡല്‍ഹിയ്ക്ക് മടങ്ങും. ഒരു മണിക്കൂര്‍ മാത്രമാണ് ഈ യോഗത്തിനു വേണ്ടി മോഡി ചിലവഴിക്കുക.

നവംബര്‍ 18 ന് രാത്രി എറണാകുളത്തെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപില്‍ സന്ദര്‍ശനം നടത്തിയതിനുശേഷമാകും തിരുവനന്തപുരത്തെത്തുക. പൂന്തുറ, വിഴിഞ്ഞം തുടങ്ങിയ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് ദുരിത ബാധിത പ്രദേശ സന്ദര്‍ശനം റദ്ദാക്കി യോഗത്തില്‍ പങ്കെടുത്ത് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരിത ബാധിതരെ സന്ദര്‍ശിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ലത്തീന്‍ കത്തോലിക്കാ അതിരൂപതയും ഇതേ ആവശ്യം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തി ദുരിത ബാധിതരെ സന്ദര്‍ശിച്ചിരുന്നു. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ ആ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ഓഖി ദുരന്ത സമയത്ത് പ്രധാനമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിയെ മാത്രം വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചതില്‍ കേരളം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മോഡി രാഷ്ട്രീയം കളിച്ചുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. മോഡിയുടെ ട്വീറ്റിലും തമിഴ്‌നാടിനെ മാത്രമാണ് പരാമര്‍ശിച്ചിരുന്നത്.