ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ മോശം റാങ്കിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പട്ടിണി സൂചികയിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ പിന്നിലാക്കി കൊണ്ട് 2020 ലെ 94 -ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 101 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആഗോളപട്ടിണി സൂചിക റിപ്പോർട്ട് ഇന്ത്യയിലെ പട്ടിണിയുടെ അളവ് “ഭയപ്പെടുത്തുന്നതാണ്” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യം, പട്ടിണി എന്നിവ തുടച്ചു നീക്കുന്നതിനും ഇന്ത്യയെ ആഗോളശക്തിയാക്കുന്നതിനുമുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കപിൽ സിബൽ ട്വിറ്ററിൽ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തു.
“ദാരിദ്ര്യം, വിശപ്പ് എന്നിവ ഉന്മൂലനം ചെയ്തതിനും ഇന്ത്യയെ ഒരു ആഗോളശക്തിയാക്കിയതിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കിയതിനും മോദിജിക്ക് അഭിനന്ദനങ്ങൾ,” എന്ന് കപിൽ സിബൽ ട്വീറ്റിൽ പരിഹസിച്ചു.
ചൈന, ബ്രസീൽ, കുവൈറ്റ് എന്നിവയുൾപ്പെടെ പതിനെട്ട് രാജ്യങ്ങൾ പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സ് (ജിഎച്ച്ഐ) അനുസരിച്ച് അഞ്ചിൽ താഴെ സ്കോറോടെ ഒന്നാം റാങ്ക് പങ്കിട്ടു.
2020 -ൽ 107 രാജ്യങ്ങളിൽ 94 -ാമതാണ് ഇന്ത്യ. ഇപ്പോൾ 116 രാജ്യങ്ങൾ പട്ടികയിൽ ഉള്ളപ്പോൾ അത് 101 -ാം റാങ്കിലേക്ക് താഴ്ന്നു. ഇന്ത്യയുടെ GHI സ്കോർ 2000 ൽ 38.8 ൽ നിന്ന് 2012 നും 2021 നും ഇടയിൽ 28.8 – 27.5 വരെ കുറഞ്ഞു.
നേപ്പാൾ (76), ബംഗ്ലാദേശ് (76), മ്യാൻമർ (71), പാകിസ്ഥാൻ (92) തുടങ്ങിയ അയൽരാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യയേക്കാൾ മികച്ച രീതിയിൽ ഭക്ഷണം നൽകുന്നതായി സൂചികയിൽ പറയുന്നു.
ഇന്ത്യയിലെ കുട്ടികൾക്കിടയിൽ പോഷകാഹാരക്കുറവിനെ തുടർന്നുള്ള മെലിച്ചിൽ1998-2002 കാലഘട്ടത്തിലെ 17.1 ശതമാനത്തിൽ നിന്ന് 2016-2020 ൽ 17.3 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
“കോവിഡ് -19, പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എന്നിവ ഇന്ത്യയിലെ ജനങ്ങളെ വളരെയധികം ബാധിച്ചിട്ടുണ്ട്, ലോകത്താകമാനം കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവിനെ തുടർന്നുള്ള മെലിച്ചിൽ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് ഇന്ത്യ,” റിപ്പോർട്ട് പറയുന്നു.
എന്നിരുന്നാലും, 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക്, കുട്ടികളിൽ മുരടിപ്പ്, അപര്യാപ്തമായ ഭക്ഷണം കാരണം പോഷകാഹാരക്കുറവ് തുടങ്ങിയ മറ്റ് സൂചകങ്ങളിൽ ഇന്ത്യ മെച്ചപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.