ഇന്ത്യയിൽ രാജ്യത്ത് ഹിന്ദു-മുസ്ലിം വിഭജനമുണ്ടാക്കിയത് ബ്രിട്ടീഷുകാരാണെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ബ്രിട്ടീഷുകാർ ഹിന്ദുക്കളോട് മുസ്ലിങ്ങൾ തീവ്രവാദികളാണെന്നും അവരെ ആക്രമിക്കണമെന്നു പറഞ്ഞതായും മോഹൻ ഭാഗവത് വ്യക്തമാക്കി. മുസ്ലിങ്ങൾ തീവ്രവാദത്തെ എതിർക്കണമെന്നും മുംബൈയിൽ ഗ്ലോബൽ സ്ട്രാറ്റജിക് പോളിസി ഫൗണ്ടേഷൻ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെ മോഹൻ ഭാഗവത് പറഞ്ഞു. കശ്മീരി വിദ്യാർത്ഥികളും വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ആർ.എസ്.എസ് അംഗങ്ങളുമായിരുന്നു ശ്രോതാക്കൾ.
‘ഇസ്ലാം ഭാരതത്തിലേക്കു വന്നത് അധിനിവേശകരുടെ കൂടെയാണ്. അതൊരു ചരിത്രവസ്തുതയാണ്, അത് അങ്ങനെ തന്നെ പറയണം. മുസ്ലിം സമുദായത്തിലെ വിവേകമുള്ള നേതാക്കൾ തീവ്രവാദത്തെ എതിർക്കണം. മതഭ്രാന്തന്മാർക്കെതിരെ പ്രതികരിക്കാൻ അവർ തയ്യാറാവണം. ദീർഘകാലത്തെ അദ്ധ്വാനവും ക്ഷമയും അതിന് ആവശ്യമാണ്. എത്രയും വേഗം നമ്മൾ അത് തുടങ്ങുന്നോ, സമൂഹത്തിനുള്ള പരിക്ക് അത്രയും കുറയും.’ – ഭാഗവത് പറഞ്ഞു.
‘ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേ പൈതൃകമാണ് പങ്കിടുന്നത്. ഞങ്ങളുടെ കാഴ്ചപ്പാടിൽ ഹിന്ദു എന്നാൽ മാതൃഭൂമി എന്നും പുരാതന കാലം മുതൽക്കേ തുടർന്നു പോരുന്ന സംസ്‌കാരവും എന്നാണർത്ഥം. ഹിന്ദു എന്ന പദം ഭാഷാ- സമുദായ- മതഭേദമന്യേ എല്ലാ വ്യക്തികളെയും സൂചിപ്പിക്കുന്നു. ഇന്ത്യയിലെ എല്ലാ പൗരന്മാരും ഹിന്ദുക്കളാണ്. ആരുടെയും മതവിശ്വാസങ്ങൾ ഇവിടെ അപമാനിക്കപ്പെടുകയില്ല.’
രാജ്യത്ത് ഹിന്ദു- മുസ്ലിം വിഭജനമുണ്ടാക്കിയത് ബ്രിട്ടീഷുകാരാണെന്നും ആർ.എസ്.എസ് തലവൻ പറഞ്ഞു:
‘ഇംഗ്ലീഷുകാർ മുസ്ലിങ്ങളോട് പറഞ്ഞു, ഹിന്ദുക്കൾക്കൊപ്പം നിന്നാൽ നിങ്ങൾക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. ജനാധിപത്യത്തിൽ ഭൂരിപക്ഷമുള്ളവർക്കാണ് ഭരണം ലഭിക്കുക. അവിടെ നിങ്ങൾ പിന്തള്ളപ്പെടും. അതുകൊണ്ട് പ്രത്യേക രാജ്യം ചോദിച്ചു വാങ്ങൂ… ബ്രിട്ടീഷുകാർ ഹിന്ദുക്കളോട് പറഞ്ഞു, മുസ്ലിങ്ങൾ തീവ്രവാദികളാണ്. അവരെ അക്രമിക്കൂ… അങ്ങനെ ഇവിടെയും അവിടെയും കുഴപ്പങ്ങളുണ്ടാക്കി ഹിന്ദു – മുസ്ലിം ശത്രുതയുണ്ടാക്കി…’ – മോഹൻ ഭാഗവത് പറഞ്ഞു.