ഒടിടി പ്ലാറ്റ് ഫോമുകൾ, മയക്കുമരുന്ന് വ്യാപാരം, ബിറ്റ് കൊയിൻ എന്നിവയ്ക്കെതിരെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ഇവയെല്ലാം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നുണ്ടെന്നും ഇത്തരം എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ബിറ്റ് കൊയിൻ പോലുള്ള രഹസ്യ കറൻസി സമ്പദ്വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഒരു ദസറ പരിപാടിയിൽ സംസാരിക്കവെ മോഹൻ ഭാഗവത് പറഞ്ഞു. ഇത്തരം നിക്ഷിപ്ത ആഗോള താത്പര്യങ്ങൾ രാജ്യത്തിന്റെ പുരോഗതിയെ തടയുകയാണെന്നും മോഹൻ ഭാഗവത് അവകാശപ്പെട്ടു.
“ഒടിടി പ്ലാറ്റ് ഫോമുകളിൽ കാണിക്കുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. എല്ലാത്തരം ചിത്രങ്ങളും കാണിക്കുന്നു, പക്ഷേ അത് എങ്ങനെ നിയന്ത്രിക്കാം? കൊറോണ വൈറസിന് ശേഷം ഇപ്പോൾ കുട്ടികൾക്ക് പോലും മൊബൈൽ ഫോണുകൾ ഉണ്ട്. കുട്ടികൾ ഇപ്പോൾ അവയ്ക്ക് അടിമയാണ്, അതിൽ അവർ എന്താണ് കാണുന്നതെന്ന് ആർക്കറിയാം,” മോഹൻ ഭാഗവത് പറഞ്ഞു.
Read more
“എല്ലാത്തരം മയക്കുമരുന്നുകളും രാജ്യത്ത് വരുന്നു. ആളുകൾ ലഹരിമരുന്നിന് അടിമയാകുന്നു. ഇത് എങ്ങനെ നിർത്താം? എനിക്കറിയില്ല. ആളുകൾ ഭയപ്പെടുന്നു. കൂടാതെ ഈ ബിസിനസുകളിൽ നിന്നുള്ള പണമെല്ലാം, അത് എവിടെ പോകുമെന്ന് എല്ലാവർക്കും അറിയാം. അത്തരം ബിസിനസുകളിൽ നിന്നുള്ള പണം ചില വിദേശ രാജ്യങ്ങൾ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു,” മോഹൻ ഭാഗവത് പറഞ്ഞു.