ഒഡിഷ മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്തു; നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിയുമടക്കം നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു

ഒഡിഷ മുഖ്യമന്ത്രിയായി മോഹന്‍ ചരണ്‍ മാജി സത്യപ്രതിജ്ഞ ചെയ്തു. ജനതാ മൈതാനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. 30000ത്തോളം ആളുകളാണ് ജനത മൈതാനില്‍ മോഹന്‍ മാജി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷികളായി എത്തിയത്.

കെവി സിങ്ങ് ഡിയോയും പാര്‍വതി പരിദയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാരായി സുരേഷ് പൂജാരി, രബിനാരായണ്‍ നായ്ക്, നിത്യാനന്ദ ഗോണ്ട്, കൃഷ്ണ ചന്ദ്ര പത്ര, പൃഥ്വിരാജ് ഹരിചന്ദ്രന്‍, ഡോ. മുകേഷ് മഹാലിംഗ്, ബിബൂതി ഭൂഷണ്‍ ജെന, ഡോ. കൃഷ്ണ ചന്ദ്ര മോഹപത്ര തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

സര്‍പഞ്ചായി 1997 മുതല്‍ 2000വരെ പ്രവര്‍ത്തിച്ചു കൊണ്ടായിരുന്നു മോഹന്‍ മാജിയുടെ പൊതുപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. ബിജെപി-ബിഡിഎസ് സഖ്യത്തില്‍ മത്സരിച്ച 2000ലെ തിരഞ്ഞെടുപ്പില്‍ കിയോഞ്ജര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു മാജി ആദ്യമായി നിയമസഭയിലെത്തിയത്. 2005 മുതല്‍ 2009വരെ ബിജെപി-ബിഡിഎസ് സഖ്യസര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ ഡെപ്യൂട്ടി ചീഫ് വിപ്പായും സേവനം അനുഷ്ഠിച്ചു. കിയോൻജർ നിയമസഭാ മണ്ഡലത്തിൽനിന്ന് 11,577 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാജി വിജയിച്ചത്. 24 വർഷത്തെ നവീൻ പട്നായിക്കിന്റെ ഭരണം അവസാനിപ്പിച്ചാണ് ഒഡീഷയിൽ ബിജെപി ഭരണം പിടിച്ചെടുത്തത്.

ആദിവാസി ജനസംഖ്യ 23 ശതമാനമുള്ള കിയോഞ്ജര്‍ മണ്ഡലത്തില്‍ നിന്നുള്ള ആദിവാസി നേതാവിനെ തന്നെ ആദ്യമായി സ്വന്തം നിലയില്‍ അധികാരത്തില്‍ എത്തിയ ഒഡീഷയില്‍ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചത് അപ്രതീക്ഷിത നീക്കമായികുന്നു. ധര്‍മ്മേന്ദ്ര പ്രധാന്‍, ജുവല്‍ ഓറം എന്നീ മുതിര്‍ന്ന നേതാക്കളെ മറികടന്നാണ് ബിജെപി മോഹന്‍ ചരണ്‍ മാജിയെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിയോഗിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഭുവനേശ്വറിൽ ചേർന്ന ബിജെപി നിയമസഭാകക്ഷി യോ​ഗമായിരുന്നു മോഹൻ മാജിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് നാലു തവണ എംഎൽഎയായിരുന്ന മോ​ഹൻ ചരൺ മാജിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ആർഎസ്എസ് പശ്ചാത്തലമുള്ള നേതാവ് കൂടിയാണ് മോഹൻ മാജി.