മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കം ബിജെപി ഉന്നത നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മധ്യപ്രദേശ് ഗവര്‍ണര്‍ മങ്കുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളാണ് ബിജെപിയില്‍ ഇന്ന് നടക്കുന്നത്. മധ്യപ്രദേശിന് പിന്നാലെ ഛത്തീസ്ഗഢിലും ബിജെപി സര്‍ക്കാര്‍ ഇന്ന് അധികാരത്തിലേറും.
മധ്യപ്രദേശില്‍ ഉപമുഖ്യമന്ത്രിമാരായി രാജേന്ദ്ര ശുക്ലയും ജഗദീഷ് ദേവ്തയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം ക്ഷണിക്കപ്പെട്ട അതിഥികളായി വേദിയിലുണ്ടായിരുന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ടായിരുന്നു.
നാലുതവണ മധ്യപ്രദേശ് മുഖ്യമന്ത്രിയായ ശിവ് രാജ് സിങ് ചൗഹാന്‍ യുഗത്തിന് അന്ത്യമിട്ടുകൊണ്ടാണ് മോഹന്‍ യാദവിനെ ബിജെപി നേതൃത്വം ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ ബിജെപി തീരുമാനിച്ചത്. 58-കാരനായ മോഹന്‍ യാദവ് ദക്ഷിണ ഉജ്ജയിന്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എയാണ്. ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മോഹന്‍ യാദവിനെ മാമാജിയെന്ന് വിളിപ്പേരുള്ള ചൗഹാന്‍ തന്നെയാണ് നിയമസഭാ കക്ഷി യോഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്തത്. പിന്നാലെ ഏകകണ്ഠമായി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
Read more
230 അംഗ മധ്യപ്രദേശ് നിയമസയില്‍ 163 സീറ്റുകള്‍ നേടിയാണ് അധികാരം ബിജെപി നിലനിര്‍ത്തിയത്. ഛത്തീസ്ഗഢില്‍ ഗോത്രവര്‍ഗ മേഖലയില്‍ നിന്ന് മുഖ്യമന്ത്രിയെ തീരുമാനിച്ച ബിജെപി മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയ്ക്കാണ് അവസരം നല്‍കിയത്. ബ്രാഹ്‌മണ സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണ് രാജസ്ഥാനില്‍ ബിജെപി കൊണ്ടുവന്നതെന്നതും നിര്‍ണായക നീക്കമായിരുന്നു. ഛത്തീസ്ഗഢില്‍ ഗോത്രവിഭാഗത്തില്‍ നിന്നുള്ള വിഷ്ണു ഡിയോ സായിയെ മുഖ്യമന്ത്രിയാക്കുകയും മധ്യപ്രദേശില്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്ത ബിജെപി നേതൃത്വം രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയെ കണ്ടെത്തുകയായിരുന്നു. ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആര്‍എസ്എസ് മുന്നോട്ടുവെച്ച നേതാക്കളില്‍ ഒരാളാണ് രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മ, അതുപോലെ തന്നെ മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായ മോഹന്‍ യാദവും ആര്‍എസ്എസിന് പ്രിയങ്കരനാണ്.