പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ ആവശ്യപ്പെട്ടന്ന പരാതിയില്‍ ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ചോദ്യം ചെയ്യലിനായി ഇന്ന് ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍, കൃഷ്ണനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന താന്‍ ഇന്നു മുതല്‍ പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് മെഹുവ അറിയിക്കുകയായിരുന്നു.
രണ്ടുതവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും മഹുവ ഹാജരായിരുന്നില്ല. മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതായാണ് ഇഡിയുടെ കണ്ടെത്തല്‍. കേസില്‍ മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു ‘കൈക്കൂലി’ സ്വീകരിച്ചെന്നാണു മഹുവയ്‌ക്കെതിരായ ആരോപണം. ബിജെപി എംപി നിഷികാന്ത് ദുബെയാണു പാര്‍ലമെന്റില്‍ മഹുവയ്ക്കെതിരെ രംഗത്തുവന്നത്. ഇതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു.
ഇതോടെ വിഷയം പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. ലോഗിന്‍ വിവരങ്ങള്‍ ഹിരാനന്ദാനിക്ക് നല്‍കിയതായി മഹുവ വെളിപ്പെടുത്തി. ഇതു സാധാരണമാണെന്നും അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതെന്നു ദുബെ ആരോപിച്ചു. ഡല്‍ഹി, ബെംഗളൂരു, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങി പലയിടങ്ങളില്‍നിന്ന് ലോഗിന്‍ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു.
നേരത്തെ, മഹുവ മൊയ്ത്രയ്ക്ക് എതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ലോക്പാല്‍ ഉത്തരവിട്ടിരുന്നു. മൊയ്ത്രയ്‌ക്കെതിരായ ‘ആരോപണങ്ങളുടെ എല്ലാ വശങ്ങളിലും’ പരിശോധിക്കാനും ആറ് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനുമാണ് അഴിമതി വിരുദ്ധ നിരീക്ഷകരായ ലോക്പാല്‍ ഉത്തരവിട്ടിരിക്കുന്നത്.
അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് എല്ലാ മാസവും ഫയല്‍ ചെയ്യണമെന്നും ലോക്പാല്‍ സിബിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹുവ മൊയ്ത്രയ്ക്ക് എതിരെ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിനായ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ലോക്പാല്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.
മൊയ്ത്രയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഭൂരിഭാഗവും കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ്. അവര്‍ വഹിക്കുന്ന സ്ഥാനത്തെ അപേക്ഷിച്ച് ഇക്കാര്യം വലിയ ഗൗരവം അര്‍ഹിക്കുന്നതാണ്. അതിനാല്‍ സത്യം പുറത്തുവരാന്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും ലോക്പാല്‍ വ്യക്തമാക്കി.