ആദിവാസി ക്ഷേമത്തിനായുള്ള പണം തിരിമറി നടത്തി; സിദ്ധരാമയ്യ സര്‍ക്കാരില്‍ ആദ്യ രാജി

കര്‍ണാടക സര്‍ക്കാരില്‍ അഴിമതി ആരോപണം നേരിടുന്ന ഗോത്ര ക്ഷേമ വികസന മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. കര്‍ണാടക മഹര്‍ഷി വാത്മീകി പട്ടിക വര്‍ഗ കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടിലെ പണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കൈമാറി.

ആദിവാസി ക്ഷേമത്തിനായുള്ള 187.3 കോടി രൂപ ഹൈദ്രാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കിന്റെയും ചില ഐടി കമ്പനികളുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് ബിജെപി ശക്തമായ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് രാജി. പിന്നാലെ സിദ്ധരാമയ്യ രാജി ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സഭയ്ക്ക് പുറത്തും പ്രതിഷേധിച്ചിരുന്നു. മെയ് 26ന് കോര്‍പ്പറേഷന്‍ അക്കൗണ്ട് സൂപ്രണ്ടന്റന്റ് ചന്ദ്രശേഖറിനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ചന്ദ്രശേഖറിന്റെ ആത്മഹത്യ കുറിപ്പില്‍ പണത്തിന്റെ തിരിമറി നടന്നത് മന്ത്രിയുടെ അറിവോടെയാണെന്ന് എഴുതിയിരുന്നു.

കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പത്മനാഭ, അക്കൗണ്ട് ഓഫീസര്‍മാരായ പരശുറാം, യൂണിയന്‍ ബാങ്ക് ഓഫീസര്‍ സുചിസ്മിത റാവല്‍ എന്നിവരുടെ പേരും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.