കോവിഡ് 19 നെ പ്രതിരോധിക്കാൻ പി.എം കെയര്‍ ഫണ്ടിന് കീഴില്‍ സ്വരൂപിച്ച തുക ദേശീയ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റായി സ്ഥാപിച്ച ഒരു പ്രത്യേക ഫണ്ടാണ് പി.എം കെയേര്‍സ്, അതില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ നിര്‍ദ്ദേശിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എന്‍.ഡി.ആര്‍.എഫിലേക്ക് സംഭാവന നല്‍കാന്‍ സ്വാതന്ത്ര്യമുണ്ട്. അതില്‍ വിലക്കില്ലെന്നും കോടതി വിലയിരുത്തി.
കോവിഡ് 19 നെ പ്രതിരോധിക്കാൻ PM CARES ഫണ്ടിനു കീഴിലുള്ള നിലവിലുള്ളതും ഭാവിയിലുമുള്ള എല്ലാ ഫണ്ട് ശേഖരണങ്ങളും ഗ്രാന്റുകളും ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക് ഇൻററസ്റ്റ് ലിറ്റിഗേഷൻ എന്ന എൻജിഒ ആണ് ഹർജി സമർപ്പിച്ചത്. പിഎം കെയർസ് ഫണ്ട് ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കോവിഡ് -19 കൈകാര്യം ചെയ്യാൻ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം ഒന്ന് മതിയെന്നും പുതിയ പദ്ധതിയുടെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.