പാചകവാതകവില പ്രതിമാസം വര്‍ധിക്കുന്ന രീതി വീണ്ടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ചെറിയ തോതിൽ വില വർധിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിലിണ്ടറിന് രണ്ടു അല്ലെങ്കിൽ മൂന്ന് രൂപ വീതം മാസം തോറും ഉയർത്താനാണ് പുതിയ നീക്കം. ജൂണ്‍ മാസത്തില്‍ കേന്ദ്രം സിലിണ്ടറുകളുടെ വില പ്രതിമാസം നാല് രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധത്തെതുടര്‍ന്ന് വേണ്ടെന്ന വയ്ക്കുകയായിരുന്നു. സബ്‌സിഡി ഉള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കാനായിരുന്നു തീരുമാനിച്ചത്.
എന്നാല്‍ പാചകവാതക വിതരണ കമ്പിനികളുടെ സമ്മര്‍ദം ശക്തമായതിനാലാണ് സര്‍ക്കാര്‍ പ്രതിമാസ വിലവര്‍ധന രീതി വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് വിവരം.
. പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസസ് സെല്ലിന്റെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം ഒരു സിലിണ്ടറിന് 251 രൂപയാണ് സബ്‌സിഡി നല്‍കുന്നത്.19 കോടി ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ സബ്‌സിഡി ലഭ്യമാകുന്നത്. അതുകൊണ്ടുതന്നെ വിലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അടുത്ത ഏപ്രിൽ മുതൽ സബ്‌സിഡി പൂർണ്ണമായും ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ സബ്‌സിഡി പൂര്‍ണ്ണമായി നിര്‍ത്തലാക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് കമ്പിനി വൃത്തങ്ങള്‍ പറയുന്നത്.