യുപിയിലെ അംരോഹ ജില്ലയില്‍ 50ലധികം പശുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തു. ഹസന്‍പൂരിലെ ഗോശാലയിലാണ് ഇത് നടന്നത് . സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു.
മൃഗസംരക്ഷണ മന്ത്രി ധരംപാല്‍ സിങ്ങിനോട് അംരോഹയിലെത്താന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. കാലിത്തീറ്റ കഴിച്ച് വൈകുന്നേരത്തോടെ പശുക്കള്‍ രോഗബാധിതരായെന്ന് അംരോഹ ജില്ലാ കലക്ടര്‍ ബി.കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.
ഗോശാലയിലെ 50ലധികം പശുക്കള്‍ കൂട്ടത്തോടെ ചത്തതായി പൊലീസ് സൂപ്രണ്ട് ആദിത്യ ലാംഗേ സ്ഥിരീകരിച്ചു. താഹിര്‍ എന്ന വ്യക്തിയില്‍ നിന്ന് ഗോശാല മാനേജ്മെന്റ് കാലിത്തീറ്റ വാങ്ങിയതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
താഹിറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോശാലയുടെ ചുമതലയുള്ള വില്ലേജ് ഡെവലപ്മെന്റ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.