'ആ വീഡിയോ ഞാനും കണ്ടു' ; മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് രാജസ്ഥാനില്‍ കൊല്ലപ്പെട്ട അസ്ഫറുലിന്റെ അമ്മ

മകന്റെ മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്ന് രാജസ്ഥാനില്‍ ഹിന്ദുത്വഭീകരര്‍ വെട്ടിക്കൊന്ന് കത്തിച്ച അസ്ഫറുലിന്റെ മാതാവ്. ബുധനാഴ്ച രാവിലെയാണ് ബംഗാള്‍ സ്വദേശിയായ അസ്ഫറുള്‍ കൊലചെയ്യപ്പെട്ടത്. ലൗവ് ജിഹാദ് ആരോപിച്ച്് മുസ്ലീം മതവിശ്വാസിയായ യുവാവിനെ തീവ്രഹിന്ദുത്വവാദികള്‍ വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ ശംഭുലാല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

“രാവിലെയും ഞാനെന്റെ മകനോട് സംസാരിച്ചിരുന്നു. എന്തിനാണവര്‍ എന്റെ മകനെ കൊന്നതെന്നറിയില്ല. ആ വീഡിയോ ഞാനും കണ്ടു. കുറ്റവാളികള്‍ ശിക്ഷക്കപ്പെടണം”, തന്റെ മകന്റെ ഘാതകര്‍ ശിക്ഷക്കപ്പെടണമെന്നാവശ്യമുയര്‍ത്തിയുള്ള അസ്ഫറുളിന്റെ അമ്മയുടെ വാക്കുകള്‍ എഎന്‍ഐ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബംഗാള്‍ സ്വദേശിയായ അഫ്സറുള്‍ തൊഴില്‍ തേടിയാണ് രാജസ്ഥാനില്‍ എത്തുന്നത്. കുടുംബസമേതമായിരുന്നു അഫ്സറുള്‍ താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ജോലി ഉണ്ടെന്നു പറഞ്ഞാണ് പ്രതിയായ ശംഭുലാല്‍ അഫ്സറുളിനെ കൂട്ടിക്കൊണ്ടു പോകുന്നത്. തുടര്‍ന്ന് ഇയാളെ മഴുകൊണ്ട് പിന്നില്‍ നിന്നും അടിച്ചു വീഴ്ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടുകയും ചെയ്തു. മരിച്ചു എന്ന് ഉറപ്പായ ശേഷം പ്രതി അസ്ഫറുലിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. അഫ്റസുള്ളിനെ മര്‍ദ്ദിക്കുന്നതും കത്തിക്കുന്നതും വീഡിയോയില്‍ പകര്‍ത്തിയിയ ശംഭുലാല്‍ അത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വീഡിയോയുടെ അടിസ്ഥാനത്തിലാണ് ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.