ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ മാലിന്യം തള്ളിയ എഎപി എംപി സ്വാതി മാലിവാളിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നഗരത്തിലെ മാലിന്യപ്രശ്‌നത്തെ കുറിച്ച് മനസിലാക്കാനും അരവിന്ദ് കെജ്‌രിവാളിനെതിരെ പ്രതിഷേധിക്കുന്നതിനും വേണ്ടി സ്വാതി ഡല്‍ഹിയിലെ വികാസ്പുരി ഏരിയയിലെ മാലിന്യ കൂമ്പാരം സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് നടപടി.
ഡല്‍ഹിയില്‍ ശുചിത്വത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിയുടെ നടപടി. ഈ നഗരം മുഴുവന്‍ മാലിന്യക്കൂമ്പാരമായി മാറിയിരിക്കുകയാണെന്ന് സ്വാതി മാലിവാൾ പറഞ്ഞു. ഡല്‍ഹിയുടെ എല്ലാ മൂലകളും വൃത്തികേടായിരിക്കുകയാണെന്നും റോഡുകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നുവെന്നും സ്വാതി മാലിവാൾ പറഞ്ഞു.
അഴുക്കുചാലുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. അരവിന്ദ് കെജ്‌രിവാളുമായി സംസാരിക്കാനാണ് ഞാന്‍ വന്നത്. നിങ്ങള്‍ സ്വയം നന്നാവൂ അല്ലെങ്കില്‍ പൊതുജനം നിങ്ങളെ നന്നാക്കുമെന്നാണ് എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. അദ്ദേഹത്തിന്റെ ഗുണ്ടകളെയോ പൊലീസിനെയോ എനിക്ക് പേടിയില്ലെന്നും സ്വാതി മാലിവാൾ പറഞ്ഞു.