തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ എംപിമാരോട് നിർദേശിച്ച് രാഹുൽ ഗാന്ധി. പാർലമെൻ്റിലെ പ്രകടനത്തിന്റെയും പങ്കാളിത്തത്തിന്റെയും അടിസ്ഥാനത്തിൽ എംപിമാരെ വിലയിരുത്താനല്ല നീക്കത്തിലാണ് കോൺഗ്രസ്. ഇതിനായി സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി അറിയിച്ചു. ഒരോ എംപിമാരുടെയും പ്രവർത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
സഭാ നടപടികളിലെ പങ്കാളിത്തം, വിവിധ വിഷയങ്ങൾ അവതരിപ്പിക്കുന്നതിലെ മികവ്, ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്ന ഇടപെടലുകൾ തുടങ്ങിയവ മികവിന്റെ മാനദണ്ഡമായി പരിഗണിക്കും. സഭാ നടപടികളിൽ പങ്കെടുക്കണമെന്നും പ്രശ്‌നങ്ങൾ ഉന്നയിക്കണമെന്നും അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ നിന്നും സർക്കാരിനെ പിന്തിരിപ്പിക്കണമെന്നും ഫലപ്രദമായി സംസാരിക്കണമെന്നും നിർദേശിച്ചതായും റിപ്പോർട്ട് ഉണ്ട്.
നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മികവ് നിലനിർത്തിയതിൽ, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് ചന്നി, ജാർഖണ്ഡ് എംപി സുഖ്‌ദിയോ ഭഗത്, മണിപ്പൂർ എംപിമാരായ ആർതർ ആൽഫ്രഡ്, ബിമോൾ അകോയിജം, പഞ്ചാബ് അംഗം രാജ വാറിംഗ് എന്നിവരെ കൂടാതെ മറ്റ് രണ്ട് എംപിമാരെയും കുറിച്ച് പ്രത്യേക പരാമർശം ഉണ്ടായിരുന്നു. ജനങ്ങളുമായി അടുത്തിടപഴകാനും അവരുടെ ആശങ്കകൾ സഭയിൽ ഉന്നയിക്കാനും എംപിമാർക്ക് നിർദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.