പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംപിമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയോടെയാണ് സഭ ആരംഭിച്ചത്. സമ്മേളനത്തിന് മുന്നോടിയായി എല്ലാ എംപിമാരെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സമവായവും ഐക്യവുമാണ് രാജ്യപുരോഗതിക്ക് പ്രധാനമെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റിയതിന് പ്രധാനമന്ത്രി ജനങ്ങളോട് നന്ദി പറഞ്ഞു. മൂന്നാം ഘട്ടത്തിൽ മൂന്ന് മടങ്ങ് അധ്വാനിക്കുകയും രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യം കൂടുതൽ ശക്തമാണെന്നും ഇനി ആരും അവയെ തകർക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തിന് ഒരു മികച്ച പ്രതിപക്ഷത്തിന്റെ ആവശ്യമുണ്ടെന്നും അവർ പാർലമെന്റിൽ ഔചിത്യത്തോടെ പെരുമാറുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിപക്ഷം ബഹളമുണ്ടാക്കി. നീറ്റ്, നെറ്റ് ക്രമക്കേടുകളിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. അതിനിടെ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതിൽ പ്രോടെം സ്പീക്കർ പാനൽ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി.