എൻസിആർടിയുടെ ഏഴാം ക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെക്കുറിച്ചും ഡൽഹി സുൽത്താൻമാരെ കുറിച്ചുമുള്ള പാഠഭാഗങ്ങൾ നീക്കം ചെയ്തു. പകരം ഈ വർഷം പ്രയാഗ്‌രാജിൽ നടന്ന മഹാ കുംഭമേളയെക്കുറിച്ച് പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ‘മെയ്ക്ക് ഇൻ ഇന്ത്യ’, ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, അടൽ ടണൽ തുടങ്ങിയ സർക്കാർ സംരംഭങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെ പുസ്തകത്തിൽ ഇടം പിടിച്ചിട്ടുണ്ട്.
‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് ‘ എന്ന പരിഷ്കരിച്ച സിലബസിന്റെ ആദ്യ ഭാഗങ്ങളിലാണ് മുഗൾ ചരിത്രവും ഡൽഹി സുൽത്താന്മാരുടെയും ചരിത്രം ഒഴിവാക്കിയത്. പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗം വരും മാസങ്ങളിൽ പുറത്തിറങ്ങുമെന്നും എൻസിആർടി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, രണ്ടാം ഭാഗത്തിൽ മുഗൾ ചരിത്രം ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നതിൽ ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയില്ല.
പുതിയ പരിഷ്കരണത്തിൽ ചരിത്ര കാലഘട്ടങ്ങളെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. പകരം, ‘എക്സ്പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പരിഷ്കരിച്ച സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മഗധ, മൗര്യ, ശുംഗ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെക്കുറിച്ചുള്ള പുതിയ അധ്യായങ്ങൾ ഉൾപ്പെടുത്തി. തുഗ്ലക്ക്, ഖൽജി, മംലൂക്ക്, ലോധി തുടങ്ങിയ രാജവംശങ്ങളുടെ വിശദമായ വിവരണങ്ങൾ ഉൾപ്പെടെ മുഗളന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ നേരത്തെയുള്ള പരിഷ്കരണത്തിൽ വെട്ടിക്കുറച്ചിരുന്നു.
‘ഹൗ ലാൻഡ് ബികം സേക്രഡ്’ എന്ന അധ്യായത്തിൽ ഇന്ത്യയിലും ലോകമെമ്പാടുമുള്ള പുണ്യസ്ഥലങ്ങളുടെ പ്രാധാന്യം ഉൾപ്പെടുത്തി. ഹിന്ദുമതം, ഇസ്ലാം, ക്രിസ്തുമതം, ജൂതമതം, സൊരാഷ്ട്രിയനിസം, ബുദ്ധമതം, സിഖ് മതം എന്നിവയുൾപ്പെടെ വിവിധ മതങ്ങളുമായി ബന്ധപ്പെട്ട പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ പരിചയപ്പെടുത്തും.
‘സേക്രഡ് ജോഗ്രഫി’ എന്ന ഭാഗത്ത് 12 ജ്യോതിർലിംഗങ്ങൾ, ചാർ ധാം യാത്ര, ശക്തി പീഠങ്ങൾ, പുണ്യ പർവതങ്ങൾ, നദികൾ, വനങ്ങൾ എന്നിവയെ വിവരിക്കുന്നു. പരിഷ്കരിച്ച പാഠ്യപദ്ധതിയിൽ ‘വർണ്ണ-ജാതി’ സമ്പ്രദായത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു. തുടക്കത്തിൽ സാമൂഹിക സ്ഥിരത നൽകുന്നതിൽ ജാതിയുടെ പങ്കും കാലക്രമേണ, പ്രത്യേകിച്ച് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിൽ, ജാതി അസമത്വങ്ങളിലേക്ക് നയിച്ചത് എങ്ങനെയെന്നും വിവരിക്കുന്നു.
Read more
‘പൂർവി’ എന്ന ഇംഗ്ലീഷ് പാഠപുസ്തകത്തിലും മാറ്റം വരുത്തി. കൂടുതൽ ഇന്ത്യൻ എഴുത്തുകാരെ ഉൾപ്പെടുത്തിയാണ് മാറ്റം വരുത്തിയത്. 15 കഥകൾ, കവിതകൾ, ആഖ്യാനങ്ങൾ എന്നിവയിൽ 9 എണ്ണം ഇന്ത്യൻ എഴുത്തുകാരുടേതാണ്. നേരത്തെയുള്ള പാഠപുസ്തകത്തിൽ 17 എഴുത്തുകാരിൽ നാല് ഇന്ത്യൻ എഴുത്തുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.