മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയെ സഹതടവുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മുഹമ്മദ് അലി ഖാന്‍ എന്ന മനോജ് കുമാര്‍ ഗുപ്തയെയാണ് സഹതടവുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതിയാണ് മുഹമ്മദ് അലി ഖാന്‍. കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലിലാണ് സംഭവം നടന്നത്.
സംഭവത്തെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. പ്രതീക്, ദീപക് നേതാജി, സന്ദീപ് ശങ്കര്‍, ഋതുരാജ് വിനായക്, സൗരഭ് വികാസ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്. ജയിലിലെ കുളിമുറിയില്‍ കുളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
സ്‌ഫോടന പരമ്പര കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു മുഹമ്മദ് അലി ഖാന്‍. കുളിക്കുന്നതുമായി ബന്ധപ്പെട്ട് കുളിമുറിയിലുണ്ടായ തര്‍ക്കം കൈയാങ്കളിയിലെത്തി. ഇതേ തുടര്‍ന്ന് സഹതടവുകാര്‍ മുഹമ്മദ് അലി ഖാനെ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട മുഹമ്മദ് അലിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.