മുംബൈ ബോട്ടപകടവുമായി ബന്ധപ്പെട്ട് നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ് എടുത്തു. ആളുകളുടെ ജീവൻ അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിക്കുക അടക്കം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബോട്ടിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ശ്രാവൻ ചൗധരിയുടെ പരാതിയിൽ ആണ് നടപടി. അപകടത്തിൽ 13 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.
ബോട്ടപകടത്തിൽ മരിച്ചവരിൽ മലയാളി കുടുംബവും ഉണ്ടെന്നാണ് വിവരം. തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അപകടത്തിൽ പരിക്കേറ്റ കുട്ടി അറിയിച്ചു. 6 വയസുകാരനായ ഈ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ മലയാളികളാണ്. അതേസമയം മരണസംഖ്യ 13 ആയി. മരിച്ചവരിൽ 10 പേർ സാധാരണക്കാരും 3 പേർ നേവി ഉദ്യോഗസ്ഥരുമാണ്. അതേസമയം 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യക്ക് സമീപമാണ് ബോട്ട് കടലിൽ മറിഞ്ഞ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്ന നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. അപകടം നടക്കുമ്പോൾ ബോട്ടിൽ നൂറിലധികം യാത്രക്കാർ ഉണ്ടായിരുന്നു.
അമിതവേഗതയിൽ നിയന്ത്രണംവിട്ടുവന്ന നേവി സ്പീഡ് ബോട്ട് ഇടിച്ചാണ് യാത്രാബോട്ട് മറിഞ്ഞത്. ബോട്ട് ആടിയുലഞ്ഞപ്പോൾ യാത്രക്കാർ കൂട്ടമായി കടലിലേക്ക് എടുത്തുചാടിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവം നേവി കൃത്യമായി അന്വേഷിക്കുമെന്ന് ഫഡ്‌നാവിസ് അറിയിച്ചു.