മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; മെഹുൽ ചോക്സിയുടെയും നീരവ് മോദിയുടെയും ഉൾപ്പെടെ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യത

മുംബൈയിലെ ഇഡി ഓഫീസിലുണ്ടായ തീപ്പിടിത്തത്തിൽ പ്രമുഖ കേസുകളുടെ ഫയലുകൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഇഡി അധികൃതർ. വൻതട്ടിപ്പ് നടത്തി രാജ്യംവിട്ട രത്നവ്യാപാരികളായ മെഹുൽ ചോക്സി, നീരവ് മോദി, രാഷ്ട്രീയ നേതാക്കളായ അനിൽ ദേശ്മുഖ്, ഛഗൻ ഭൂജ്ബൽ തുടങ്ങിയവരുടെയും കേസ് ഫയലുകൾ ഇതിലുൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

തെക്കൻ മുംബൈയിലെ ബല്ലാഡ് എസ്‌റ്റേറ്റിലെ കൈസർ-ഐ-ഹിന്ദ് കെട്ടിടത്തിന്റെ നാലാം നിലയിലുള്ള ഇഡി ഓഫീസിൽ ഞായറാഴ്ച പുലർച്ചെ തീപ്പിടിത്തമുണ്ടായത്. ഏതൊക്കെ ഫയലുകൾ നശിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ അവലോകനം നടക്കുന്നതേയുള്ളൂ. അതേസമയം, എല്ലാ കേസുകളുടെയും ബാക്ക് ഫയലുകൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ചിട്ടുണ്ടെന്നും അതിനാൽ കേസന്വേഷണത്തെ ബാധിക്കില്ലെന്നും ഇഡി പറയുന്നു.

അതേസമയം ഫയലുകൾ ഇല്ലാത്തത് കേസന്വേഷണം വൈകിപ്പിക്കാൻ കാരണമാകുമെന്നാണ് നിഗമനം. ഡിജിറ്റൽ തെളിവുകൾകൊണ്ടു മാത്രം എത്രത്തോളം മുന്നോട്ടുപോകാൻ കഴിയുമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. പ്രതികളെ ചോദ്യംചെയ്യലും മറ്റും വൈകിയേക്കുമെന്നും സൂചനയുണ്ട്.

Read more

ഇഡി ഓഫീസിലുണ്ടായ തീപിടുത്തം ഭയാനകമായിരുന്നു. പത്തുമണിക്കൂറോളം പണിപ്പെട്ടാണ് അഗ്നിസുരക്ഷാസേന തീയണച്ചത്. ഫയലുകളും കംപ്യൂട്ടറുകളും ഫർണിച്ചറുകളുമെല്ലാം കത്തിനശിച്ചു. കൈസർ-ഐ-ഹിന്ദ് നാലുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലും നാലാം നിലയിലും ഇഡി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.