മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ടത്. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതിയുടേതാണ് നടപടി. അതേസമയം കസ്റ്റഡി കാലയളവിൽ റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എൻഐഎ വ്യക്തമാക്കി.
റാണയെ ഇന്ത്യയിലെത്തിച്ചതിന് പിന്നാലെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയിൽ എൻഐഎ അപേക്ഷ നൽകിയിരുന്നു. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.
കേസിൽ ഒന്നാം പ്രതിയായ ഡേവിഡ് കോൾമാൻ ഹെഡ്‌ലി ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് തഹാവൂർ റാണയുമായി മുഴുവൻ ഓപ്പറേഷനെക്കുറിച്ചും ചർച്ച ചെയ്തിരുന്നുവെന്ന് എൻഐഎ കോടതിയിൽ വാദിച്ചിരുന്നു. ഹെഡ്‌ലിയുടെ മൊഴി അടക്കമുള്ള വിശദാംശങ്ങൾ എൻഐഎ, കോടതിയിൽ നല്കി. എന്നാൽ എൻഐഎ കോടതി മൂന്നാഴ്ചത്തേക്കാണ് റാണയെ കസ്റ്റഡിയിൽ വിട്ടത്. എൻഐഎ പ്രത്യേക കോടതി ജഡ്ജി ചന്ദർജിത് സിങ് ആണ് വാദം കേട്ടത്.