മുംതാസ് അലിയുടെ മൃതദേഹം ഫാല്‍ഗുനി നദിയില്‍ കണ്ടെത്തി; തിരച്ചിലിനിറങ്ങിയതില്‍ ഈശ്വര്‍ മാല്‍പെയുടെ സംഘവും

കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്ന് കാണാതായ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ കുളൂര്‍ പാലത്തിന് സമീപം ഫാല്‍ഗുനി നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുളൂര്‍ പാലത്തിന് മുകളില്‍ നിന്ന് മുംതാസ് അലിയുടെ കാര്‍ കണ്ടെത്തിയിരുന്നു.

പുലര്‍ച്ചെ 5 മണിയോടെ ആയിരുന്നു കാര്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 3ന് വീട്ടില്‍ നിന്നിറങ്ങിയ മുംതാസ് അലി നഗരത്തില്‍ പലയിടങ്ങളിലും എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നാലെ പൊലീസ് അലിയുടെ വാഹനം കണ്ടെത്തുകയായിരുന്നു. മുംതാസ് അലിയുടെ ഫോണും വാഹനത്തിന്റെ താക്കോലും പാലത്തിനടുത്ത് കണ്ടെത്തിയിരുന്നു.

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയ ഈശ്വര്‍ മാല്‍പെയുടെ സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അലി ആത്മഹത്യ ചെയ്തത് ആകാനുള്ള സാധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.

Read more

ജനതാദള്‍ സെക്കുലര്‍ എംഎല്‍എയായ ബിഎം ഫാറൂഖിന്റെയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുഹിയുദ്ദീന്‍ ബാവയുടെയും സഹോദരനാണ് മുംതാസ് അലി. താന്‍ മടങ്ങി വരില്ലെന്ന് കുടുംബ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അലി പുലര്‍ച്ചെ അയച്ച സന്ദേശവും സംഭവം ആത്മഹത്യ ആകാമെന്ന നിഗമനത്തിന് ബലം നല്‍കുന്നതായി പൊലീസ് അറിയിച്ചു.