നരേന്ദ്ര മോദിയുടെ രണ്ടാം എന്‍ ഡി എ സര്‍ക്കാര്‍ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുമ്പോള്‍ കേരളത്തില്‍ നിന്നും ഒരു മന്ത്രിയുണ്ടാകും. നിലവില്‍ രാജ്യസഭാ എം പിയും കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവുമായ വി മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചതായി അദ്ദേഹം തന്നെ സ്ഥിരീകരിച്ചു.
രാഷ്ട്രപതി ഭവനില്‍ ഇന്ന് വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായി നാലുമണിക്കുള്ള ചായ സത്ക്കാരത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചുവെന്നാണ് സ്ഥിരീകരണം. ഇതോടെ രണ്ടാം എന്‍ഡിഎ മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും പ്രാതിനിധ്യമുണ്ടാകുമെന്ന് ഉറപ്പായി. മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലേക്ക് ബിജെപി മുരളീധരനെ തിരഞ്ഞെടുത്തത്.
ആദ്യമന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യം വേണമെന്ന ആവശ്യം മോദി അംഗീകരിക്കാന്‍ തയ്യാറായത് അവസാന നാളുകളിലാണ്. അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിനാണ് ആ ചീട്ട് വീണത്. കണ്ണന്താനത്തെ കുടാതെ നടന്‍ സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരെയാണ് ആദ്യമോദി സര്‍ക്കാര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനെ കുറച്ച് മാസക്കാലം മിസോറാമിലെ ഗവര്‍ണറുമാക്കിയിരുന്നു.