പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം കനക്കുന്നതിനിടെ നിര്‍ണ്ണായക നീക്കവുമായി മമത ബാനര്‍ജി സര്‍ക്കാര്‍. ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നത് സംബന്ധിച്ച നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍.
നിയമ നിര്‍മ്മാണത്തിനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാസമ്മേളനം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് മമത സര്‍ക്കാര്‍. ഇതേ തുടര്‍ന്ന് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ബലാത്സംഗത്തിന് കൊലക്കയര്‍ ഉറപ്പാക്കുന്ന നിയമനിര്‍മ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വസതി തകര്‍ക്കാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശം പ്രചരിച്ചതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു പ്രചരണം നടന്നത്. ഇതേ തുടര്‍ന്ന് പശ്ചിമ ബംഗാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെ പിടികൂടിയത്.
ഗൂഢാലോചന നടന്നതായി കണ്ടെത്തിയ വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പശ്ചിമ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളോട് ദക്ഷിണ കൊല്‍ക്കത്തയുടെ സമീപപ്രദേശമായ കാളിഘട്ടില്‍ ഒത്തുകൂടാന്‍ ആഹ്വാനം ചെയ്യുന്ന വോയ്‌സ് ക്ലിപ്പ് ഗൂഢാലോചന നടന്ന ഗ്രൂപ്പില്‍ പ്രചരിച്ചിരുന്നു.
ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ‘നബന്ന അഭിജന്‍’ റാലിയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച വിദ്യാര്‍ത്ഥി സംഘടനയായ പശ്ചിമ ബംഗാള്‍ ഛത്ര സമാജിന്റെ നേതാവായ പ്രബീറിനെയും കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.