പശുക്കടത്ത് ആരോപിച്ച് പ്ലസ്ടു വിദ്യാർഥിയെ ഗോരക്ഷാ ഗുണ്ടകൾ കൊലപ്പെടുത്തിയതിൽ പ്രധാനമന്ത്രി അടക്കമുള്ളവരുടെ മൗനം ചോദ്യം ചെയ്ത് രാജ്യസഭാ എംപി കപിൽ സിബൽ. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ആഭ്യന്തരമന്ത്രിയും മൗനം വെടിയണമെന്ന് കപിൽ സിബൽ എക്‌സിൽ കുറിച്ചു.
”നാണക്കേട്…പ്ലസ്ടു വിദ്യാർഥിയായ ആര്യൻ മിശ്രയെ പശുക്കടത്ത് സംശയിച്ച് ഗോരക്ഷകർ വെടിവെച്ചു കൊന്നു. വെറുപ്പിന്റെ അജണ്ട പ്രോത്സാഹിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ആഭ്യന്തരമന്ത്രിയും മൗനം വെടിയണം”- കപിൽ സിബൽ എക്‌സിൽ കുറിച്ചു.
ആഗസ്റ്റ് 23നാണ് ഫരീദാബാദിൽ അഞ്ചംഗ സംഘം വിദ്യാർഥിയെ വെടിവെച്ച് കൊന്നത്. പ്രതികളായ സൗരഭ്, അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ് എന്നിവരെ 28ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എസ്‍യുവിയിൽ പശുക്കടത്ത് നടത്തുന്നുവെന്ന് വിവരം ലഭിച്ച് എത്തിയതായിരുന്നു തങ്ങളെന്നും തെറ്റിദ്ധരിച്ചാണ് ആര്യൻ മിശ്രയെ കൊലപ്പെടുത്തിയതെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. 30 കിലോമീറ്ററോളം ആര്യനെയും സുഹൃത്തുക്കളെയും പിന്തുടർന്നിരുന്നുവെന്നും ഇവർ പറഞ്ഞു.