ഇന്ത്യയിലെ സൈബര്‍ നിയമങ്ങള്‍ ശക്തമാണെന്ന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബിബിസി ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദേഹം. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ ട്വിറ്റര്‍ നീക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.
2002ലെ ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയില്‍ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തില്‍ രേഖകളുണ്ടെന്നുമാണു ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നത്. ഇതിന്റെ ലിങ്കുകളും ബന്ധപ്പെട്ട ഉള്ളടക്കങ്ങളും നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളോടു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മസ്‌കിന്റെ മറുപടി.
ബിബിസി ഡോക്യുമെന്ററി വിവാദം എനിക്ക് അറിയില്ല. ഇന്ത്യയില്‍ ചില ഉള്ളടക്കങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റിയും ധാരണയില്ല. സമൂഹമാധ്യമങ്ങളില്‍ എന്തു പ്രത്യക്ഷപ്പെടണം എന്നതു സംബന്ധിച്ച് ഇന്ത്യയിലെ നിയമം കുറച്ചു കര്‍ക്കശമാണ്. രാജ്യത്തിന്റെ നിയമം മറികടക്കാന്‍ ഞങ്ങള്‍ക്കാവില്ല. ജീവനക്കാര്‍ ജയിലില്‍ പോകണോ, നിയമങ്ങള്‍ അനുസരിക്കണോ എന്നതിലൊന്നു തിരഞ്ഞെടുക്കേണ്ടി വന്നാല്‍, നിയമം പാലിക്കാനാണു തീരുമാനിക്കുക. ബിബിസിയുടെ ട്വിറ്റര്‍ സ്‌പേസസിനു നല്‍കിയ അഭിമുഖത്തില്‍ ഇലോണ്‍ മസ്‌ക് ഇക്കാര്യം വ്യക്തമാക്കിയത്.