മത അടിസ്ഥാനത്തിൽ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ. അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ലീഗിന്‍റെ ആവശ്യം. അഡ്വക്കേറ്റ് ഹാരിസ് ബീരാൻ മുഖേനയാണ് പി കെ കുഞ്ഞാലിക്കുട്ടി ഹർജി സമർപ്പിച്ചത്. 1955 ലെ ചട്ടപ്രകാരം ഒരു വിഭാഗത്തെ ഒഴിവാക്കാനാവില്ലെന്നാണ് ഹർജിയിലെ വാദം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ദേശീയ പൗരത്വ നിയമ ഭേദഗതി ഉടനടി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പൗരത്വത്തിന് അയൽ രാജ്യങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്.
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ഇവർ 2014 ഡിസംബർ 31 നുള്ളിൽ ഇന്ത്യയിലെത്തിയവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കില്ല.