മുസ്ലിം ലീഗ് ജമ്മു കശ്മീരിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; 'ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു'

മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ എന്ന സംഘടനയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഭീകരവിരുദ്ധ നിയമത്തിന്റെ കീഴിലുള്ള യുഎപിഎ പ്രകാരം മുസ്ലിം ലീഗ് ജമ്മു കശ്മീര്‍ സംഘടനയെ നിരോധിത സംഘടനയായി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്.

മസ്രത് ആലം നേതൃത്വം നല്‍കുന്ന സംഘടനയെയാണ് നിരോധിത സംഘടനയായി പ്രഖ്യാപിച്ചത്. നേരത്തെ വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി നേതൃത്വം നല്‍കിയ ഓള്‍ ഇന്ത്യ ഹുറിയത്ത് കോണ്‍ഫറന്‍സിന്റെ തീവ്ര വിഭാഗത്തിന്റെ ഇടക്കാല ചെയര്‍മാനാണ് മസ്രത് ആലം. ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ജമ്മു കശ്മീരില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് സംഘടനയെ നിരോധിച്ചത്. ജമ്മു കശ്മീരില്‍ മസ്രത് ആലത്തിന്റെ സംഘടന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലും വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു.

Read more

രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ആരേയും വെറുതെ വിടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ സന്ദേശം ഉറച്ചതും ഉച്ചത്തിലുള്ളതും സുവ്യക്തവുമാണെന്നും അമിത് ഷാ പറഞ്ഞു. നിയമത്തിന്റെ കര്‍ശന നടപടികള്‍ ഇത്തരക്കാര്‍ നേരിടേണ്ടി വരുമെന്നും അമിത് ഷാ പറഞ്ഞു.