വഖഫ് ഭേദഗതി ബില്ലിന അംഗീകാരം നൽകണമെന്നത് തടയണമെന്നാവശ്യപ്പെട്ട് അഞ്ച് മുസ്ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്ക് കത്തുനൽകി. ആർട്ടിക്കിൾ 26 (മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ല സ്വാതന്ത്ര്യം), 25 (മതസ്വാതന്ത്ര്യം), 14 (നിയമത്തിന് മുന്നിലെ തുല്യത) എന്നിവ പ്രകാരം ബിൽ മൗലീകാവകാശങ്ങൾ ലംഘിക്കുന്നുവെന്ന് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടി.
വഖഫ് ബോർഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമർപ്പണങ്ങൾക്കുള്ല നിയന്ത്രണങ്ങളും ഉൾപ്പെടെയുള്ല ബില്ലിലെ വ്യവസ്ഥകൾ മുസ്ലിം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബിൽ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും എംപിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, വി.കെ. ഹാരിസ് ബീരാൻ എന്നിവർ കത്തിൽ ആവശ്യപ്പെട്ടു.