മുത്തലാഖ് നിരോധിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ ബഹുഭാര്യാത്വവും നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി മുസ്ലീം വനിതകള്‍. മുത്തലാഖിനെക്കാള്‍ മോശകരമായ കീഴ്‌വഴക്കമാണ് ബഹുഭാര്യത്വമെന്നും അതിനാല്‍ അതും നിയമം മുഖേന നിരോധിക്കണമെന്നുമാണ് മുസ്ലീം വനിതകളുടെ ആവശ്യം.
മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം ഒരു പുതിയ തുടക്കത്തിന് വഴി തുറന്നെന്നും ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് നേരെയുള്ള ആയുധമാണ് ബില്ലെന്നും അപെക്സ് കോടതിയില്‍ മുത്തലാഖിനെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയ അഭിഭാഷകരായ ഫറ ഫായിസ്, റിസ്വാന, റസിയ എന്നിവര്‍ പറഞ്ഞു. മുത്തലാഖ് നിരോധിക്കാന്‍ നടത്തിയ സര്‍ക്കാര്‍ നീക്കത്തില്‍ തൃപ്തരാണെന്നും അവര്‍ പറഞ്ഞു. ഇതില്‍ റസിയ മുത്തലാഖിന്റെ ഇരയാണ്.
“നിക്കാഹ് ഹലാല” എന്ന സ്ത്രീ വിരുദ്ധ നിയമമാണ് മുത്തലാഖ് വര്‍ദ്ധിക്കാന്‍ പ്രധാന കാരണം. നിക്കാഹ് ഹലാല നിയമമനുസരിച്ച് ഒരു സ്ത്രീയെ ആദ്യ ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍, ഈ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് അയാള്‍ മരിക്കുകയോ, തലാഖ് ചൊല്ലുകയോ ചെയ്താല്‍ മാത്രമേ ആദ്യ ഭര്‍ത്താവിനെ രണ്ടാമത് വിവാഹം കഴിക്കാനാകു” – അവര്‍ പറഞ്ഞു. മുത്തലാഖ് നിരോധന നിയമം നിലവില്‍ വരുന്നതോടെ ഇത് മുതലെടുത്ത് പുരുഷന്മാര്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുത്തലാഖ് നിരോധിച്ച നിയമം പ്രയോജനപ്പെടുത്തി ബഹുഭാര്യത്വ രീതിയും ഇല്ലാതാക്കണമെന്നും ബഹുഭാര്യത്വത്തിന്റെ ഇരകൂടിയായ റിസ്വാന പറഞ്ഞു.