കോണ്‍ഗ്രസില്‍ നിന്നു വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്‌സിന് സമാപനമാവുകയാണെന്ന് സോണിയ പറഞ്ഞു. രാജ്യത്തിനും കോണ്‍ഗ്രസിനും ഇത് വെല്ലുവിളികളുടെ സമയമാണെന്ന് സോണിയ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ബിജെപി പിടിച്ചെടുക്കുകയാണ്.
ചില വ്യവസായികള്‍ക്ക് വലിയ സൗജന്യങ്ങള്‍ നല്‍കിയതിനാല്‍ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുവെന്നും കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയ പറഞ്ഞു. 2004-2009 വര്‍ഷങ്ങളിലെ വിജയങ്ങളും മന്‍മോഹന്‍ സിങ്ങിന്റെ സമര്‍ഥമായ നേതൃത്വവും തനിക്ക് വ്യക്തപരമായി സംതൃപ്തി നല്‍കിന്നും സോണിയ ഗാന്ധി വ്യക്തമാക്കി.
രാജ്യത്തെമ്പാടുമായി 15,000 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികളുടെ ബാഹുല്യം കൊണ്ടും സംഘാടക മികവു കൊണ്ടും ഹൈടെക് സാങ്കേതിക തികവു കൊണ്ടും ഈ പ്ലീനം ശ്രദ്ധേയമാണ്. 18 വര്‍ഷങ്ങള്‍ക്കു ശേഷം ഡല്‍ഹിക്കു പുറത്തു നടക്കുന്ന ആദ്യ പ്ലീനമെന്ന പ്രത്യേകതയുമുണ്ട്.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ പ്രധാന പ്രമേയങ്ങളും പ്രതിനിധികള്‍ ചര്‍ച്ച ചെയ്യും. ആറ് പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ അതിന്മേല്‍ ഉപ പ്രമേയങ്ങളും കൊണ്ടു വരും. വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്ന പ്രമേയമാണ് അതില്‍ മുഖ്യം. പവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കിയതിനാല്‍ വോട്ടെടുപ്പ് ഇല്ല. അതുകൊണ്ടു തന്നെ മുഴുവന്‍ പ്രതിനിധികള്‍ക്കും സമ്മേളനത്തിലുടനീളം പങ്കെടുക്കാം. നാളെയാണു സമാപനം. വൈകുന്നേരം നടക്കുന്ന പൊതു സമ്മേളനത്തോടെ പ്ലീനം സമാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സമ്മേളനം ഉദ്ഘാടനം ചെയ്യും. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാഗാന്ധി, മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി എന്നിവര്‍ പ്രസംഗിക്കും.