മൈസൂരു കുട്ടബലാത്സംഗക്കേസില്‍ അഞ്ച് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് പ്രതികളെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. പ്രധാനപ്രതികളെ സഹായിച്ചവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കര്‍ണാടക ഡി.ജി. പ്രവീണ്‍ സൂദ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അഞ്ച് പ്രതികളും അറസ്റ്റിലായെന്ന വിവരം സ്ഥിരീകരിച്ചത്. കേസില്‍ മലയാളികളായ വിദ്യാർഥികള്‍ക്കും പങ്കുണ്ടെന്നാണ് കർണാടക പൊലീസിന്‍റെ കണ്ടെത്തല്‍. അറസ്റ്റിലായവർ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
പ്രതികളെല്ലാം നിര്‍മാണ തൊഴിലാളികളാണ്. തമിഴ്‌നാട്ടില്‍നിന്ന് മൈസൂരുവില്‍ ജോലിക്കെത്തിയ ഇവര്‍ സംഭവത്തിനുശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും കര്‍ണാടക ഡി.ജി. പറഞ്ഞു. അതേസമയം, പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
എം.ബി.എ വിദ്യാര്‍ഥിയായ 23കാരി ചൊവ്വാഴ്ചയാണ് കൂട്ടബലാത്സംഗത്തിനിരായത്. ചാമുണ്ഡി ഹില്‍സിലേക്ക് പോവുന്നതിനിടെ സഹപാഠിയെ മര്‍ദിച്ച് അവശനാക്കിയ ശേഷം സംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് ആറു മണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ നിന്ന് അലനഹള്ളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. അക്രമികള്‍ മദ്യലഹരിയിലായിരുന്നുവെന്നായിരുന്നു സഹപാഠിയുടെ മൊഴി. പണം ആവശ്യപ്പെട്ടാണ് അക്രമികള്‍ ആദ്യം പെണ്‍കുട്ടിയെയും സഹപാഠിയെയും സമീപിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
അതേസമയം, ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ച് മൈസൂര്‍ യൂണിവേഴ്സിറ്റി സര്‍ക്കുലര്‍ ഇറക്കി. വൈകുന്നേരം 6.30ന് ശേഷം വിദ്യാര്‍ഥിനികള്‍ തനിച്ച് കാമ്പസില്‍ സഞ്ചരിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിയന്ത്രണങ്ങളെന്നാണ് അധികൃതരുടെ വിശദീകരണം.