മൈസൂരു ബിഷപ്പിന് എതിരെ ഗുരുതര ആരോപണങ്ങളുമായി 37 വൈദികര്‍; ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി  അയച്ചു

റോമന്‍ കത്തോലിക്കാ സഭയിലെ മറ്റൊരു ബിഷപ്പ് കൂടി ലൈംഗിക അപവാദത്തില്‍. മൈസൂരു ബിഷപ്പ് കെ.എ വില്യമിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 37 ഇടവക വൈദികരാണ് ബിഷപ്പിനെതിരെ   ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി അയച്ചിരിക്കുന്നത്. ലൈംഗിക അപവാദങ്ങളിലും അഴിമതിയിലും മുങ്ങിയിരിക്കുന്ന ബിഷപ്പിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ വിചാരണ ആരംഭിക്കാനിരിക്കേയാണ് സഭയിലെ മറ്റൊരു ബിഷപ്പിനെതിരെ കൂടി ലൈംഗിക ആരോപണം ഉയരുന്നത്. ബിഷപ്പ് വിവാഹിതനാണെന്നും കുട്ടികളുടെ പിതാവ് ആണെന്നും മറ്റു സ്ത്രീകളുമായി അവിഹിത ബന്ധങ്ങള്‍ ഉണ്ടെന്നും പറയുന്ന വൈദികര്‍ ബിഷപ്പിനെതിരെ അഴിമതിയും സ്വജനപക്ഷപാതവും ഭൂമി കുംഭകോണവും ആരോപിക്കുന്നു.

സഭയില്‍ വിമത പ്രവര്‍ത്തനത്തിനും ബിഷപ്പ് ഒത്താശ ചെയ്യുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. വിഷയത്തില്‍ പോപ്പിന്റെ അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്ന് ജൂലൈ 20-ന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു.

മൈസൂരുവിലെ ഒരു സ്ഥാപനത്തില്‍ ജീവനക്കാരിയായ ഒരു യുവതിയെ ബിഷപ്പ് വിവാഹം കഴിച്ചിട്ടുണ്ടെന്ന് വൈദികര്‍ പരാതിയില്‍ പറയുന്നു. മുമ്പ് മറ്റൊരു വിവാഹം കഴിച്ച ഈ യുവതിക്ക് ആ ബന്ധത്തില്‍ ഒരു മകളുണ്ട്. ബിഷപ്പുമായുള്ള ബന്ധത്തില്‍ ഒരു മകനും ഇവര്‍ക്കുണ്ട്. ബിഷപ്പുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് ഇവരെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചത്. യുവതി ഇപ്പോള്‍ മക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും ബിഷപ്പ് ഇടയ്ക്കിടെ ഇവരെ സന്ദര്‍ശിക്കുന്നുണ്ടെന്നും കുടുംബത്തിന്റെ കാര്യങ്ങള്‍ എല്ലാം നോക്കുന്നുണ്ടെന്നും വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.

വൈദികനായിരിക്കുമ്പോള്‍ തന്നെ ബിഷപ്പ് കെ.എ വില്യമിന് നിരവധി സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അഴിമതികള്‍ നടത്തിയിരുന്നുവെന്നും നിരവധി സംഭവങ്ങള്‍ വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ടെന്ന് “ഗോവ ക്രോണിക്കിള്‍.കോം” റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിങ്കല്‍ ഇടവക വികാരിയായിരിക്കേ അവിടെയുണ്ടായിരുന്ന ഒരു ആഗ്ലോ- ഇന്ത്യന്‍ യുവതിയുമായി ബിഷപ്പ് വില്യമിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അതോടെ യുവതിയേയും കുഞ്ഞിനേയും വിദേശത്തേക്കു കടത്തിയെന്നും വൈദികര്‍ പറയുന്നു.

ബിഷപ്പ്ഹൗസില്‍ ജോലി ചെയ്യുന്ന കാലത്തും  കിടപ്പുമുറിയില്‍ നിന്നും ഒരു യുവതിക്കൊപ്പം ബിഷപ്പിനെ കയ്യോടെ പിടികൂടിയിരുന്നു. ബിഷപ്പ് ഹൗസിലെ അക്കൗണ്ട് സെക്ഷനിലെ ക്ലാര്‍ക്കായ യുവതിയായിരുന്നു വില്യമിനൊപ്പമുണ്ടായിരുന്നത്. തന്റെ കീഴില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ എല്ലാം ബിഷപ്പ് വില്യം ലൈംഗികമായി ചൂഷണം ചെയ്യുക പതിവാണ്. പകരമായി അവര്‍ക്ക് ബഹുനില വീടുകള്‍ ഉള്‍പ്പെടെ എല്ലാവിധ ആഡംബര സൗകര്യങ്ങളും ബിഷപ്പ് വില്യം നല്‍കും. രൂപതയുടെ സ്ഥാപനങ്ങളില്‍ ജോലിയും നല്‍കും. -വൈദികര്‍ കത്തില്‍ പറയുന്നു.

അരമനയുടെ പരിസരം വൃത്തിയാക്കാനെത്തുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പോലും ബിഷപ്പ് വെറുതെ വിട്ടിരുന്നില്ലെന്ന് രണ്ട് സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി വൈദികര്‍ ആരോപിക്കുന്നു.

കൂടാതെ ബിഷപ്പിനെതിരെ ഐപിസി സെക്ഷന്‍ 406, 420, 504, 506, 323 എന്നിവ പ്രകാരം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രൂപതയുടെ ഭൂമി അനധികൃതമായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ ഇടപാടുകള്‍ ഇപ്പോള്‍ കേസില്‍പെട്ട് കിടക്കുകയാണെന്നും വൈദികര്‍ പോപ്പിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

വില്യം ഇടവക വികാരിയായിരിക്കേ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അലക്‌സ് എന്ന വിശ്വാസി നല്‍കിയ കേസ് 2018 നവംബറിലാണ് ഒത്തുതീര്‍പ്പാക്കിയത്. വില്യം ബിഷപ്പ് ആയതിനു ശേഷമാണ് ഇതു നടന്നത്. വന്‍തുക അലക്‌സിനു നല്‍കിയാണ് പരാതി പിന്‍വലിപ്പിച്ചതെന്ന് ആരോപണമുണ്ട്. അന്ന് ചില പ്രദേശിക മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

“രൂപതയുടെ മൂന്‍ ഭരണാധികാരി എമിരറ്റസ് ബിഷപ്പ് തോമസ് ആന്റണി വാഴപിള്ളിയുടെ കാലത്തുതന്നെ (2003-2017)രൂപതയുടെ ഇരുണ്ട ദിനങ്ങള്‍ ആരംഭിച്ചതായി വൈദികര്‍ കത്തില്‍ പറയുന്നു. അദ്ദേഹത്തിനു ശേഷം തങ്ങള്‍ക്ക് ബിഷപ്പായി ലഭിച്ചത് അങ്ങേയറ്റം അധാര്‍മ്മികനും അഴിമതിക്കാരനും ആത്മീയത തൊട്ടുതീണ്ടാത്തവനും ഭൗതികവാദിയും ലൗകിക സുഖഭോഗങ്ങളുടെ പിന്നാലെ പോകുന്നവനും ദുഷ്‌പേര് കേള്‍പ്പിച്ചവനും ധിക്കാരിയും സേച്ഛാധിപതിയുമായ ഒരുവനെയാണ്.”

അതേസമയം, ആരോപണങ്ങള്‍ ബിഷപ്പ് കെ.എ വില്യം നിരസിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യവുമായി ഒരു ബന്ധവുമില്ലാത്തവയാണെന്നും പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ ഇക്കാര്യങ്ങളൊന്നും ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഈ ആരോപണങ്ങള്‍ തന്റെ യശസ്സ് മാത്രമല്ല തകര്‍ക്കുന്നത്, മൈസൂരു രൂപതയുടെയും ക്രിസ്ത്യന്‍ സമൂഹത്തിന്റെതും കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൈസൂരു രൂപതയുടെ ഏഴാമത്തെ ബിഷപ്പ് ആയി 2017 ജനുവരി 25-നാണ് കെ.എ വില്യമിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. ഫെബ്രുവരി 27-ന് അദ്ദേഹം അഭിഷിക്തനായി. കുടക് ജില്ലയിലെ പൊളിബെട്ട സ്വദേശിയാണ് ബിഷപ്പ് വില്യം. കാനോന്‍ നിയമത്തിലും ക്രിസ്തീയതയിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Latest Stories

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ