ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നാഗാലാ‌ൻഡ്, പ്രമേയം നിയമസഭ പാസാക്കി

കേന്ദ്രസർക്കാർ തിരക്കിട്ട് രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഏക സിവിൽ കോഡിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ് സർക്കാർ. എൻഡിഎ സഖ്യകക്ഷി ഭരണത്തിലിരിക്കുന്ന നാഗാലാൻഡിൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭാ പാസാക്കി.

ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പ്രമേയത്തെ പിന്തുണച്ചതായി നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അറിയിച്ചു.  യുസിസി വിഷയത്തിൽ ഗോത്ര സംഘടനകളുടെയും മറ്റു പാർട്ടികളുടെയും അഭിപ്രായം ഈ മാസം ആദ്യം തന്നെ തേടിയിരുന്നതായും നെഫ്യൂ റിയോ അറിയിച്ചു. പ്രതിനിധികൾ ഏകീകൃത സിവിൽ കോഡിനെതിരെ കടുത്ത അതൃപ്ത്തി രേഖപ്പെടുത്തി എന്നും നെഫ്യൂ റിയോ സഭയിൽ പറഞ്ഞു.

ഏക സിവിൽ കോഡിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 22-ാമത് നിയമ കമ്മീഷന് സംസ്ഥാന മന്ത്രിസഭ നേരത്തെ തന്നെ നിവേദനം നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇത് പരിശോധിക്കാമെന്ന് അറിയിച്ചതായും സർക്കാർ സഭയിൽ വ്യക്തമാക്കിയിരുന്നു. എൻഡിഎ സഖ്യകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് അലയൻസാണ് നാഗാലാൻഡ് ഭരിക്കുന്നത്.

Read more

2019 ല്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രകടന പത്രികയില്‍ മുന്നോട്ട് വച്ചിരുന്ന പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഏകീകൃത സിവില്‍ കോഡ്. നിലവിൽ ഗോവ മാത്രമാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കിയ ഏക സംസ്ഥാനം.