നാഗനൃത്തത്തിനിടെ തലനിലത്തുകുത്തി ചാടാന്‍ ശ്രമിച്ചു; യുവാവിന് ദാരുണാന്ത്യം

നാഗനൃത്തത്തിനിടെ തറയില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി സ്വദേശി ഗുരുചരണ്‍ താക്കൂറാണ് നൃത്തത്തിനിടെ മരണപ്പെട്ടത്. ഗണേശ വിഗ്രഹ നിമഞ്ജനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടിക്കിടെയായിരുന്നു സംഭവം.

നാഗനൃത്തത്തില്‍ മറ്റുള്ളവരോടൊപ്പം ചുവടുവെച്ച ഗുരുചരണ്‍ ആദ്യം തലനിലത്തുകുത്തി ചാടി.തൊട്ടുപിന്നാലെ വീണ്ടും സമാനരീതിയില്‍ ചാടാനുള്ള ശ്രമത്തിനിടെയാണ് തല നിലത്തിടിച്ചത്. ബോധരഹിതനായി കിടന്ന ഗുരുചരണിനെ സുഹൃത്തുക്കള്‍ തട്ടിയുണര്‍ത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അപകടമുണ്ടായ ഉടന്‍തന്നെ യുവാവിന്റെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Read more

അടുത്തിടെ ഒരു വാഹനാപകടത്തില്‍ ഗുരുചരണിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി പിതാവ് പറഞ്ഞു. ചികിത്സയ്ക്കുശേഷം അടുത്തിടെയാണ് പൂര്‍ണമായും പരിക്ക് ഭേദമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍വിവരങ്ങള്‍ ലഭ്യമാകൂവെന്ന് പോലീസും അറിയിച്ചു.