സ്റ്റാലിനെ വധിക്കാന്‍ ആഹ്വാനം ചെയ്ത പരമഹംസ ആചാര്യയെ വധിക്കാന്‍ 100കോടി പ്രഖ്യാപിച്ച നാം തമിഴര്‍ കക്ഷി ചീഫ് കോ-ഓര്‍ഡിനേറ്ററും സംവിധായകനുമായ സീമാനെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്യും. നടി വിജയലക്ഷ്മിയുടെ ലൈംഗികാതിക്രമ പീഡന പരാതിയിലാണ് ചെന്നൈ സിറ്റി പൊലീസ് സീമാനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചിരിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതായാണ് വിജയലക്ഷ്മി സീമാനെതിരെ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി. കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സീമാനെത്തിയില്ല. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച ഹാജരാകാമെന്ന് ഇയാള്‍ അറിയിച്ചു.
സീമാനെതിരെ വിജയലക്ഷ്മി അടുത്തിടെ തിരുവള്ളൂരിലെ മജിസ്ട്രേട്ടിന് മുന്നിലും മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് അന്വേഷണം നടത്തിയില്ലെന്നും ഡിഎംകെ സര്‍ക്കാരില്‍ വിശ്വാസമുള്ളതിനാലാണ് വീണ്ടും പരാതി നല്‍കിയതെന്നും വിജയലക്ഷ്മി പറഞ്ഞു. സീമാനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് വിജയലക്ഷ്മി കൂട്ടിച്ചേര്‍ത്തു.