പത്ത് ദിവസത്തിനകം തന്റെ പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ വെച്ചു നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിട്ട് ഒരാഴ്ച്ചയ്ക്കുശേഷമാണ് ഗുലാംനബി പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തുന്നത്.
ജമ്മു കശ്മീര്‍ ആസ്ഥാനമാക്കിയായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം. നേരത്തെ പാര്‍ട്ടിയുടെ പേരും കൊടിയുമെല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു ജമ്മു കശ്മീരില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് ഗുലാം നബി പറഞ്ഞത്.
എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന ഹിന്ദുസ്ഥാന്‍ നാമമാകും പാര്‍ട്ടിയുടേതെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കശ്മീരിന്റെ സമ്പുര്‍ണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയായണ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയെന്ന് ഗുലാം നബി പറഞ്ഞിരുന്നു.
പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് തുടങ്ങിയ കശ്മീര്‍ പാര്‍ട്ടികളുമായി യോജിച്ച് പ്രവര്‍ത്തിക്കാനാണ് സാധ്യത, എന്നാല്‍ ബിജെപിയുമായി സഖ്യം ചേരില്ല എന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.