ഡൽഹിയിൽ ജവഹർലാല്‍ നെഹ്റുവിന്‍റെ പേരിലുള്ള മ്യൂസിയത്തിന്‍റേയും ലൈബ്രറിയുടെയും പേര് മാറ്റി കേന്ദ്രസർക്കാർ. നേരത്തെ എടുത്ത തീരുമാനം സ്വാതന്ത്ര്യദിനത്തിൽ മ്യൂസിയം അധികൃതർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി എന്നാണ് പുതിയ പേര്.
പേരുമാറ്റിയ കേന്ദ്ര നടപടിക്കെതിരെ നിരവധിപ്പേരാണ് വിമർശനം ഉയർത്തിയിരിക്കുന്നത്. നെഹ്റുവിന്‍റെ പൈതൃകത്തെ നശിപ്പിക്കാനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് മോദിയെ നയിക്കുന്നത് ഭയവും അരക്ഷിതാവസ്ഥയുമാണെന്ന് പരിഹസിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജയില്‍വാസം അനുഭവിച്ച ആദ്യപ്രധാനമന്ത്രിയോടുള്ള വെറുപ്പാണ് നടപടിക്ക് കാരണമെന്നായിരുന്നു മാണിക്കം ടാഗോർ എംപിയുടെ പ്രതികരണം.
എന്നാൽ നെഹ്റുവിന്‍റെ പേരിനെ തന്നെ ബിജെപി ഭയക്കുന്നുവെന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കുറ്റപ്പെടുത്തിയത്. വിമർശനങ്ങൾ നാലു വശത്തു നിന്നും ഉയരുമ്പോൾ പ്രതിരോധം താർക്കുവാൻ പരിശ്രമിക്കുകയാണ് ബിജെപി നേതാക്കൾ. കോണ്‍ഗ്രസിന് നെ്ഹുറുവിനെയും കുടുംബത്തെയും കുറിച്ച് മാത്രമെ ചിന്തയുള്ളുവെന്ന് ബിജെപി തിരിച്ചടിച്ചു. എല്ലാ പ്രധാനമന്ത്രിമാർക്കും മ്യൂസിയത്തില്‍ ഇടം നല്‍കുകയാണ് മോദി ചെയ്യുന്നതെന്നും ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് ന്യായീകരിച്ചു.
ബ്രിട്ടീഷ് സേനാതലവന്‍റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ പ്രധാനമന്ത്രിയെന്ന നിലയ്ക്ക് ജവർഹലാല്‍ നെഹ്റു പതിനാറ് വർഷം താമസിച്ചിരുന്നു. പിന്നീട് കേന്ദ്രസർക്കാർ രൂപം നല്കിയ ഈ സ്മാരകത്തിലുള്ളത് രാജ്യത്തെ മികച്ച ലൈബ്രറികളിൽ ഒന്നാണ്. എല്ലാ പ്രധാനമന്ത്രിമാരുടെയും ചരിത്രം പറയുന്ന മ്യൂസിയം ഇവിടെ തുടങ്ങിയ ശേഷമാണ് സ്ഥാപനത്തിന്‍റെ പേര് തന്നെ ഇപ്പോൾ കേന്ദ്രം മാറ്റി എഴുതിയിരിക്കുന്നത്.