'നുഴഞ്ഞു കയറ്റക്കാരന്‍ സാന്തയല്ല മോഡി, ഈ സാന്ത വേറെ സാന്ത'; ആനന്ത് കുമാര്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ മോഡിക്കെതിരെയുള്ള സാന്താക്ലോസ് പരിഹാസത്തിന് മറുപടിയുമായി കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്തകുമാര്‍ രംഗത്ത്. നവഭാരതത്തിലേക്ക് സദ്വാര്‍ത്ത എത്തിക്കുന്ന സാന്താക്ലോസാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നാണ് ആനന്ത് കുമാര്‍ പറഞ്ഞത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി രാജ്യത്തിനും അതിന്റെ ക്ഷേമത്തിനും വേണ്ടി മാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് മോഡിയെന്നും അതിനാല്‍ത്തന്നെ രാജ്യത്ത് നല്ല സന്ദേശമെത്തിക്കുന്ന സാന്തയാണ് അദ്ദേഹമെന്നും ആനന്ത് കുമാര്‍ പറഞ്ഞു. ക്രിസ്മസ് അപ്പൂപ്പനുമായി താരതമ്യം ചെയ്ത് മോഡിയെ ട്വിറ്ററിലുടെ പരിഹസിച്ച മനീഷ് തിവാരിക്കുള്ള മറുപടിയായിട്ടാണ് മന്ത്രി രംഗത്തെത്തിയത്.

ലോകത്തെല്ലായിടത്തും വെള്ളത്താടിയുള്ള ക്രിസ്മസ് അപ്പൂപ്പന്‍ വീടുകളില്‍ കയറി നിങ്ങളുടെ സോക്സില്‍ പണമിടും. എന്നാല്‍, ഇന്ത്യയില്‍ വെള്ളത്താടിയുള്ള അപ്പൂപ്പന്‍ ടിവിയിലൂടെ വന്ന് ലോക്കറിലും പോക്കറ്റിലുമുള്ള പണമെല്ലാം കൊണ്ടുപോയി സോക്സ് മാത്രം ബാക്കിവെക്കുയും ചെയ്യുമെന്നായിരുന്നു മനീഷ് തിവാരിയുടെ പരിഹാസ കുറിപ്പ്.