നമോ (നരേന്ദ്ര മോദി) ചാനല്‍ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകള്‍ നല്‍കുന്ന ന്യൂസ് ചാനലാണെന്ന് സേവനദാതാക്കളായ ടാറ്റ സ്‌കൈ. നമോ ടി വി പരസ്യ ചാനലാണെന്നും ഇതിന്റെ ടെലികാസ്റ്റിന് സര്‍ക്കാരിന്റെ അനുവാദം ആവശ്യമില്ലെന്നുമുള്ള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ വിശദീകരണത്തിന് വിരുദ്ധമായിട്ടാണ് ഇപ്പോള്‍ ടാറ്റ സ്‌കൈയുടെ ട്വീറ്റ് പുറത്തു വന്നിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ അംഗീകാരമില്ലാതെ ഒരു ന്യൂസ് ചാനല്‍ എങ്ങിനെ രാജ്യത്ത് പ്രവര്‍ത്തിക്കും എന്ന ചോദ്യമാണ് ഉയരുന്നത്.
പ്രധാനമന്ത്രിയുടെ ലോഗോയും പ്രസംഗങ്ങളും ടെലികാസ്റ്റ് ചെയ്യുന്ന ചാനല്‍ മാര്‍ച്ച് 31 നാണ് പ്രക്ഷേപണം ആരംഭിച്ചത്. ബിജെപി നേതാക്കളുമായി ബന്ധമുള്ളവരുടെ ഉടമസ്ഥതതയിലുള്ള ചാനല്‍ പ്രധാനമന്ത്രിയുടെ പി ആര്‍ വാര്‍ത്തകള്‍ക്കുള്ളതാണെന്നും പ്രക്ഷേപണം നിര്‍ത്തിവെയ്ക്കണമെന്നും പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ചാനല്‍ വിവാദത്തിലായത്. സേവനദാതാക്കളായ സ്‌കൈ അതിന്റെ എല്ലാ സബ്‌സ്‌ക്രൈബേഴ്‌സിനും ലോഞ്ചിംഗ് ആനുകൂല്യമായി ചാനല്‍ ഫ്രീയാക്കി നല്‍കിയിരിക്കുകയാണ്.
അതേസമയം വ്യക്തികള്‍ക്ക് ഇത് ഡിലീറ്റ് ചെയ്യാനുമാവില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ആരാണ് ഈ 24 മണിക്കൂര്‍ ചാനലിന് വേണ്ടി പണം മുടക്കുന്നതെന്ന് വ്യക്തമല്ല. അതേസമയം തന്റെ പ്രസംഗങ്ങളും ചൗക്കിദാറുമായുള്ള സംവാദങ്ങള്‍ക്കും നമോ ടിവി കാണാന്‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.