ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ സംസ്ഥാനത്ത് പ്രതിഷേധം കത്തുകയാണ്. ടിഡിപി എംഎൽഎമാരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ പ്രമുഖ നടനും എംഎൽഎയുമായ നന്ദമൂരി ബാലകൃഷ്ണ നിയമസഭയിൽ വിസിലടിച്ചാണ് തന്റെ പ്രതിഷേധം അറിയിച്ചത്.
ഇന്ന് സഭയിൽ ചോദ്യോത്തരവേള ആരംഭിച്ച സമയത്താണ് ടിഡിപി എംഎൽഎമാർ സിപീക്കർ ഡയസിൽ കയറി നിന്ന് പ്രതിഷേധിച്ചത്. അതേ സമയം തന്നെ ബാലകൃഷ്ണ വിസിലടിച്ച് തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. നായിഡുവിനെതിരായ കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎൽഎമാർ മുദ്രാവാക്യം വിളിച്ചു.
സംഭവത്തിൽ ടി ഡി പി എം എൽ എമാരെ വിമർശിച്ച ആന്ധ്രാ ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്, മര്യാദ പാലിക്കണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വൈഎസ്ആർസിപി നേതാക്കളാണ് നിയമസഭയിൽ ബഹളം തുടങ്ങിയതെന്നും, തങ്ങൾ നീതിക്കുവേണ്ടി പോരാടുകയാണെന്നും ബാലകൃഷ്ണ പ്രതികരിച്ചു.
ജലസേചന മന്ത്രി എ രാംബാബുവിനെ വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നന്ദമുരി ബാലകൃഷ്ണ ആംഗ്യം കാണിച്ചിരുന്നു. അതേ തുടർന്ന് സഭാനടപടികൾ തടസപ്പെടുത്തിയതിന് ബാലകൃഷ്ണയെയും 15 ടിഡിപി എം എൽ എമാരെയും നിയമസഭയിൽ നിന്ന് ഇന്നലെ ഒരു ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നീട് ഇന്ന് സഭ ചേർന്നപ്പോൾ വീണ്ടും പ്രതിഷേധം അറിയിക്കുകയായിരുന്നു.
നൈപുണ്യ വികസന കോർപ്പറേഷനുമായി ബന്ധപ്പെട്ട് 371 കോടിയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരെയുള്ള കേസ്.നന്ത്യാലിൽ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയ്ക്കിടയിൽ വിശ്രമിക്കവേയായിരുന്നു ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ്. കേസിൽ, നിരവധി തവണ നോട്ടീസ് നൽകിയിട്ടും ഹാജരായില്ല എന്ന് കാണിച്ചാണ് അറസ്റ്റ് നടത്തിയത്.
11 മണിക്കൂർ നായിഡുവിനെ സിഐഡി വിഭാഗം ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിന് നായിഡു സഹകരിച്ചില്ല. 10 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ ചോദ്യങ്ങൾക്കും, ഇല്ല, അറിയില്ല, ഓർമയില്ല എന്നായിരുന്നു നായിഡുവിന്റെ മറുപടികൾ.