പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നിതി ആയോഗിന്റെ ഏഴാമത് ഭരണസമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മുഖ്യമന്ത്രിമാർ യോഗത്തിൽ ചേരും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, കാർഷിക-ആരോഗ്യ മേഖലകളിലെ പ്രശ്‌നങ്ങൾ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം തുടങ്ങിയ വിഷയങ്ങളാകും യോഗത്തിൽ ചർച്ചയാകുക.
മുഖ്യമന്ത്രിമാർക്കുള്ള യോഗത്തിൽ നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവും, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തോട് കേന്ദ്രം വിവേചനം കാട്ടുകയാണെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകിയതായും തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു.
കൊവിഡ് ബാധിതനായിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഈയടുത്താണ് സുഖം പ്രാപിച്ചത്. ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാനാകില്ലെന്നും, പ്രതിനിധിയെ പങ്കെടുപ്പിക്കാമെന്നും ബിഹാർ സർക്കാർ അറിയിച്ചിരുന്നു. എന്നാൽ യോഗം മുഖ്യമന്ത്രിമാർക്ക് മാത്രമാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
Read more
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇത് രണ്ടാം തവണയാണ് നിതീഷ് കുമാർ വിട്ടുനിൽക്കുന്നത്. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് പ്രധാനമന്ത്രി നൽകിയ അത്താഴ വിരുന്നിലും, രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സത്യപ്രതിജ്ഞാചടങ്ങിലും നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കാതെ, പകരം പ്രതിനിധിയെ അയക്കുകയായിരുന്നു നിതീഷ് കുമാർ ചെയ്തത്.