അഖിൽ ഭാരതീയ അഖാര പരിഷത്ത് തലവൻ നരേന്ദ്ര ഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എഫ്ഐആർ ഫയൽ ചെയ്തു.
മഹന്ത് നരേന്ദ്ര ഗിരിയെ തിങ്കളാഴ്ചയാണ് ഭഗാംബരി ഗഡി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടിയാണ് നരേന്ദ്ര ഗിരി മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നരേന്ദ്ര ഗിരിയുടെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തർപ്രദേശ് സർക്കാർ ശിപാർശ ചെയ്തതിന് പിന്നാലെയാണ് സി.ബി.ഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
യു.പി പൊലീസിന്റെ അന്വേഷണത്തിൽ, തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് അവസാനമായി 72-കാരനായ നരേന്ദ്ര ഗിരിയെ മുറിയിൽ പ്രവേശിക്കുന്നതായി കണ്ടത്. വൈകുന്നേരം, ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ വാതിലിൽ മുട്ടിയപ്പോൾ പ്രതികരണം ഉണ്ടായില്ല.
മൊബൈൽ ഫോണിലേക്ക് ആവർത്തിച്ചുള്ള കോളുകൾക്കും ഉത്തരം ലഭിച്ചില്ല, അതിനുശേഷം, ഇദ്ദേഹത്തിന്റെ ശിഷ്യന്മാർ വാതിൽ പൊളിച്ച് മുറിയിൽ പ്രവേശിക്കുകയും തൂങ്ങിയ നിലയിൽ നരേന്ദ്ര ഗിരിയെ കണ്ടെത്തുകയുമായിരുന്നു.
നരേന്ദ്ര ഗിരിയുടെ കൈയക്ഷരത്തിൽ എഴുതിയതെന്ന് പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പും മുറിയിൽ നിന്നും കണ്ടെടുത്തു. ഇതിൽ വിൽപത്രവും തന്നെ വിഷമിപ്പിച്ച നിരവധി പേരുടെ പേരുകളും എഴുതിയിരുന്നു.
“ഞാൻ അന്തസ്സോടെ ജീവിച്ചു, അപമാനത്തോടെ ജീവിക്കാൻ കഴിയില്ല, അതിനാലാണ് ഞാൻ എന്റെ ജീവൻ എടുക്കുന്നത്,” എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. മരണശേഷം മഠത്തിൽ എന്തു ചെയ്യണമെന്നതിനെ കുറിച്ച് നരേന്ദ്ര ഗിരി വിൽപത്രത്തിൽ പറഞ്ഞിരുന്നു.
നരേന്ദ്ര ഗിരിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് സന്ദീപ് തിവാരിയെയും മറ്റ് രണ്ട് ശിഷ്യന്മാരായ ആനന്ദ് ഗിരി, ആധ്യ പ്രസാദ് എന്നിവരെയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു.